കുമരകം : ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേയ്സ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ മേഖലയിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിൽ യൂത്ത് ഫോട്ടോഗ്രഫി അവാർഡ് നേടിയ വിഷ്ണു കുമരകം, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് സിലും ഇടം നേടിയ അനന്ദു, സിനിമ, സീരിയിൽ താരം തുണ്ടിയിൽ സുനിൽ, എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി ജിയോളജിയിൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഞ്ജന,ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അനു എലിസബത്ത് വർഗീസ് എന്നിവരെയാണ് ആദരിച്ചത്. ക്ലബ് ഓഫീസിൽ നടന്ന ചടങ്ങുകൾ ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവിനെ ആദരിച്ചു. കുമരകം വള്ളാറ പള്ളി വികാരി ഫാ.ബൈജു ഏടാട്ട് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി.അശോകൻ , പഞ്ചായത്തംഗങ്ങളായ വി.സി. അഭിലാഷ്, അഡ്വ. പി.കെ. മനോഹരൻ , സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എ.വി.തോമസ് ആര്യപ്പള്ളി, കെ. കേശവൻ, ഫിലിപ്പ് സ്കറിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്ലബ് ജനറൽ സെക്രട്ടറി പി.എസ് രഘു സ്വാഗതവും ട്രഷറർ എം.എൻ മുരളീധരൻ നന്ദിയും പറഞ്ഞു.