farmer

വൈക്കം: അപ്പർകുട്ടനാട്ടിലെ നെൽകർഷകർ കൂടുതൽ പ്രതിസന്ധിയിലായി. 2018 മുതൽ തുടർച്ചയായുണ്ടായ കൃഷിനാശം വരുത്തിവച്ച സാമ്പത്തിക നഷ്ടം ഈ വർഷത്തോടെ താങ്ങാവുന്നതിനും അപ്പുറമായിരിക്കുന്നു. വർഷകൃഷി വിളവെടുപ്പ് ശക്തമായ മഴയെ തുടർന്ന് ഒരു മാസത്തിലധികം നീണ്ടുപോയി. ആവശ്യത്തിന് കൊയ്ത്ത് യന്ത്രം ഇല്ലാത്തതും നഷ്ടത്തിന്റെ തോതുയർത്തി. .

വിളവെടുപ്പിന് മുമ്പ് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ കർഷക സംഘടനാ പ്രതിനിധികളും യന്ത്രം ഇറക്കുന്ന ഏജന്റുമാരും പങ്കെടുത്തിരുന്നു. ഒരേക്കർ കൊയ്തെടുക്കുന്നതിന് ഒരു മണിക്കൂർ സമയവും മണിക്കൂറിന് 2000 രൂപയും ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ മാത്രം 2300 രൂപയും നിശ്ചയിച്ചു. എന്നാൽ തുടക്കത്തിൽ തന്നെ 2300 രൂപയാണ് ഏജന്റുമാർ കർഷകരിൽ നിന്ന് ഈടാക്കിയത്. അവസാനം 2700 രൂപയാവുകയും ചെയ്തു. മാത്രമല്ല, ഒരേക്കർ കൊയ്യാൻ മൂന്നുമണിക്കൂർ വരെ എടുത്തു. ഈ നിലയ്ക്കും കർഷകർക്ക് നഷ്ടം സംഭവിച്ചു. കളക്ടറുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം ലംഘിച്ചതിനെതിരെ സർക്കാർ തലത്തിൽ ചെറുവിരലനക്കിയുമില്ല.

അപ്പർകുട്ടനാട്ടിൽ യന്ത്രം എത്തിക്കുന്നത് ചുരുക്കം ചില ഏജന്റുമാരാണ്. ഇവർ പറയുന്നത് പാടശേഖര സമിതികൾക്ക് അംഗീകരിക്കേണ്ടിവരുന്നു. വെച്ചൂർ, തലയാഴം, കല്ലറ, കടുത്തുരുത്തി, നീണ്ടൂർ, അയ്മനം, ആർപ്പൂക്കര, കുമരകം, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിലാണ് വിളവെടുപ്പ് നടന്നത്.

മറ്റിടങ്ങളിൽ വിളവെടുക്കാനാകാതെയും അനേകം ഏക്കർ കൃഷി നശിച്ചു. ശേഷിച്ചത് കൊയ്തെടുത്തപ്പോൾ 8 ക്വിന്റൽ മുതൽ 12 ക്വിന്റൽ വരെയാണ് കർഷകന് കിട്ടിയത്. മൊത്തത്തിൽ ഏക്കറിന് 35000 രൂപയ്ക്ക് മേൽ ചെലവുവന്നു.

 വളം വില കൂടുതൽ, ഗുണം കുറവ്

എല്ലാവിധ സബ്സിഡികളും നിർത്തലാക്കിയതുകാരണം രാസവളത്തിനും കളനാശിനിക്കും കീടനാശിനിക്കും അന്യായമായ വിലകൊടുത്താണ് കർഷകർ വാങ്ങുന്നത്. ഫാക്ടംഫോസ് 50 കിലോയ്ക്ക് 1390 രൂപയും പൊട്ടാഷിന് 1700 രൂപയും, യൂറിയയ്ക്ക് 260 രൂപയുമാണ് പുതിയ വില. യൂറിയ കിട്ടാതായതോടെ ഗുണമേന്മയില്ലാത്ത മിശ്രിതവളം ഉപയോഗിക്കാൻ കർഷകർ നിർബന്ധിതരാവുകയും ചെയ്യുന്നു.

ചെലവ് ഏക്കറിന്

35000

രൂപയ്ക്ക് മേൽ

 വേണ്ടത്ര കൊയ്ത്ത് യന്ത്രം ത്രിതലപഞ്ചായത്തുകൾക്ക് ലഭ്യമാക്കണം

 റവന്യൂവകുപ്പിന്റെ ഇടപെടൽ കാർഷിക മേഖലയിൽ ഉണ്ടാകണം.

 നെൽകർഷകരെ നിലനിർത്താൻ സാമ്പത്തിക പാക്കേജ് വേണം

 ഒരു സബ് കളക്ടറുടെ സേവനം അപ്പർകുട്ടനാട്ടിൽ ലഭ്യമാക്കണം

 ഈ മേഖലയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സ്ഥാപിക്കണം

'തുടർച്ചയായ കൃഷിനാശവും അമിതമായ കൃഷിച്ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം തുടർന്ന് കൃഷി ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള പരിമിതമായ നഷ്ടപരിഹാരത്തുക കർഷകന്റെ നഷ്ടവുമായി പൊരുത്തപ്പെടുന്നതുമല്ല.'

- സി.എസ്.രാജു, എം.എൽ.പി.ഐ റെഡ്ഫ്ലാഗ് ജില്ലാ സെക്രട്ടറി.