
കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥികളായ ജോസ് കെ മാണി, സ്റ്റീഫൻ ജോർജ് എന്നിവരുടെ തോൽവി പ്രാദേശിക തലത്തിൽ സി.പി.എം കമ്മിറ്റികളുടെ ജാഗ്രത കുറവുമുലമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റി രണ്ടാമതും രൂപീകരിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ . എന്നാൽ ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല.
ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയ മാണി സി. കാപ്പനോട് പാലായിൽ ജോസ് കെ. മാണി 15000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ സി.പി.എം പ്രാദേശിക ഘടകത്തിനെതിരെ ജോസ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതേക്കുറിച്ചന്വേഷിക്കാൻ ജില്ലാകമ്മറ്റിക്ക് നിർദ്ദേശം നൽകി. ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന നേതൃത്വം തള്ളി. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി. ജോസഫ്, ടി.ആർ. രഘുനാഥ് എന്നിവർ അംഗങ്ങളായി രണ്ടംഗ കമ്മിഷനെ നിയമിച്ചു. ജോസിനെതിരെ യു.ഡി.എഫിൽ നിന്ന് വലിയ പ്രചാരണമുണ്ടായി. ഇതിനെ പ്രതിരോധിക്കാൻ വേണ്ട ജാഗ്രത പ്രാദേശിക നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായില്ല. എന്നാൽ അച്ചടക്ക നടപടി എടുക്കാൻ തക്ക വീഴ്ചയല്ലെന്നാണ് റിപ്പോർട്ട്.
വർഗീയത: അനസിനു സസ്പെൻഷൻ,
രണ്ട് നേതാക്കളെ തരം താഴ്ത്തി
ഈരാറ്റുപേട്ട എൽ.സി അംഗവും നഗരസഭാ കൗൺസിലറുമായ അനസ് പാറയിലിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സൗജന്യ വന്ധ്യതാ ക്യാമ്പ് നടക്കുന്ന സ്ഥലം ഈരാറ്റുപേട്ടക്കുപകരം അരുവിത്തുറയിലാണെന്ന് പറഞ്ഞ നഴ്സിനോട് ക്രൈസ്തവ വർഗീയത പറയുകയാണെന്നാരോപിച്ച് കയർത്തു സംസാരിച്ചതിനാണ് നടപടി. അരുവിത്തുറയെന്ന സ്ഥലമില്ലെന്നും ഈരാറ്റുപേട്ടയെന്നു പറയണമെന്നും നഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ഓഡിയോ വൈറലായത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കണ്ടെത്തി .
ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിനെതിരായ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ചതിന് എൽ.സി സെക്രട്ടറി കെ.എം.ബഷീർ, ഏരിയ കമ്മിറ്റി അംഗം എം.എച്ച്. ഷനീർ എന്നിവരെ തരം താഴ്ത്തി . എസ്.ഡി.പി.ഐ പിന്തുണയില്ലാതെ അവിശ്വാസം വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ടു പോയി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. ഇത് സി.പി.എം , എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണം ഉയർത്തുന്നതിന് കാരണമായി.