
കോട്ടയം: മതങ്ങളുടെ പേരുപറഞ്ഞ് മനുഷ്യനെ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ പ്രതിരോധിക്കാൻ കെ.പി.എം.എസ് മുന്നിലുണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി എന്ന സ്വത്വബോധമാണ് ഐക്യകേരളത്തെ സൃഷ്ടിച്ചത്. എന്നാൽ സമൂഹത്തെ മതങ്ങൾ ജീർണതയിലേക്ക് നയിക്കുന്ന ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് പത്ത് ലക്ഷം പേരെ പങ്കെടുപ്പിച്ച് സുവർണ ജൂബിലി സംഗമം നടത്തും. ഇതിന് മുന്നോടിയായി 20ദിവസം നീളുന്ന വിളംബര ജാഥ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങൾക്കും സംവാദങ്ങൾക്കും ഇട നൽകി കേരളത്തിന്റെ പുരോഗമന മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നവോത്ഥാനത്തിന് യോജിച്ച പരിശ്രമമുണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.കെ. രാജൻ കണക്കും അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് പി. ജനാർദ്ദനൻ പതാക ഉയർത്തി. സെക്രട്ടേറിയറ്റ് അംഗം എ. സനീഷ്‌കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ സുജാ സതീഷ്, അസി. സെക്രട്ടറിമാരായ സാബു കരിശേരി, പ്രശോഭ് ഞാവേലി എന്നിവർ സംസാരിച്ചു.