
കോട്ടയം: ബീഫില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം!. എന്നാൽ ബീഫിന്റെ വില 320 രൂപയായി ഏകീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രമേയം പ്രഹസനമായി മാറി. സമീപ ജില്ലകളിൽ 280 രൂപയ്ക്ക് ബീഫ് ലഭിക്കുമ്പോൾ കോട്ടയത്ത് 380 രൂപ കൊടുക്കണം. പക്ഷിപ്പനി പകർന്നതോടെ, താറാവ് ഇറച്ചിയുടെ വിപണി നഷ്ടമായി. അതിനാൽ, ബീഫിനാണ് ആവശ്യക്കാർ.
കൊവിഡ് മൂലം മാംസത്തിന്റെ കയറ്റുമതിയിൽ ഇടിവ് സംഭവിച്ചതിനാൽ അന്യസംസ്ഥാനങ്ങളിൽ ഉരുക്കളുടെ വില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കിലോയ്ക്ക് 300 രൂപയ്ക്ക് വിറ്റാൽ തന്നെ വലിയ ലാഭം ലഭിക്കുമെന്നിരിക്കയാണ് 380 രൂപയ്ക്ക് വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്നത്. ഏതാനും ചില ആളുകളുടെ കൈകളിലേക്ക് വിപണി ചുരുങ്ങിയതോടെയാണ് ഇത്രയും വില വർദ്ധിക്കാൻ കാരണം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മ കുറഞ്ഞ ഉരുക്കളെ വ്യാപകമായി കൊണ്ടുവന്നാണ് വിൽപ്പന. എന്നാൽ നാട്ടിൽ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ചെറുകിട കർഷകർ വളർത്തിയ ഉരുക്കളെ കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ടിയും വരുന്നു .
ബീഫ് കോട്ടയത്ത് 380 രൂപ
സമീപ ജില്ലകളിൽ 280 രൂപ
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ ഉരുക്കളെ ഇറക്കുന്നു
കശാപ്പുശാലകളിൽ ബഹുഭൂരിപക്ഷവും നിലവിലെ നിയമം പാലിക്കാതെ
അറവിനുമുൻപ് ഉരുക്കളെ ശാസ്ത്രീയമായ പരിശോധന നടത്തുന്നില്ല
' ജില്ലാ പഞ്ചായത്ത് വില ഏകീകരണത്തിൽ ഇടപെടുകയും ചെറുകിട കർഷകരുടെ ഉരുക്കൾക്ക് വില ലഭ്യമാകുന്നതിനു നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ.
- ജോസ് ഐപ്പ് , പോത്തുകച്ചവടക്കാരൻ