
കോട്ടയം: ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളിൽ ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ്. ആൾക്കൂട്ടവും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. രണ്ടു ദിവസങ്ങളായി നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കടകളിലും മറ്റും കൂട്ടംകൂടരുതെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ ആഘോഷങ്ങൾ നടത്താവൂ. നാളെ മുതൽ വിവാഹ സീസൺ ആരംഭിക്കുന്നതോടെ ഇടപഴകൽ പിന്നെയും വർദ്ധിക്കും. ചെറിയ കുട്ടികളും പ്രായമായവരും കഴിയുന്നത്ര ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നും നിർദേശമുണ്ട്.
മാസ്‌കിന്റെ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കുക തുടങ്ങിയവ കർശനമായി പാലിക്കണം. വാക്‌സിനേഷനും പ്രധാനമാണ്. രോഗലക്ഷണങ്ങൾ ഉണ്ടോയെന്നു സ്വയം നിരീക്ഷിക്കണം.
 വാക്സിൻ സ്വീകരിക്കാൻ 17500 പേർ
ജില്ലയിൽ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർ ഇനിയും 17500 പേരുണ്ട്. ഡിസംബർ 31നുള്ളിൽ നൂറു ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ് . ഇതിനിടെയാണ് ഇത്രയും പേർ വാക്സിനെടുക്കാത്തത്. ആശാ വർക്കർമാർ നടത്തിയ ഗൃഹസമ്പർക്കത്തിലൂടെ വാക്സിൻ എടുക്കാത്ത മുഴുവൻ പേരുടെയും പട്ടിക ശേഖരിച്ചിരുന്നു. 35,000 പേരായിരുന്നു പട്ടികയിൽ. ഇതിൽ പകുതിയോളം പേർ പിന്നീട് വാക്സിനെടുത്തെങ്കിലും ബാക്കിയുള്ളവർ വിമുഖത കാട്ടുകയാണ്. പ്രത്യേക കൗൺസലിംഗ് നൽകിയും കാമ്പയിനിലൂടെയും വാക്സിനേഷൻ വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
 കൂടുതൽ ഈരാറ്റുപേട്ടയിൽ
വാക്സിൻ എടുക്കാനുള്ളവരിൽ ഏറെയും ഈരാറ്റുപേട്ട നഗരസഭാ പരിധിയിലാണ്.
2700 പേർ. ഏറ്റുമാനൂർ, അയ്മനം, ആർപ്പൂക്കര, പഞ്ചായത്തുകളിൽ 1200 പേരും പനച്ചിക്കാട് പഞ്ചായത്തിൽ 800 പേരും വാക്സിനെടുത്തിട്ടില്ല.