
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മണ്ഡലം ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് പ്രഥമ സ്വാമിപാദ പുരസ്‌കാരം ഗായകൻ തുളസിക്കതിർ ജയകൃഷ്ണയ്ക്ക് നൽകും. 18018 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ഭക്തിഗാനങ്ങളുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾക്കും തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനത്തിന് സംഗീതം നൽകി പാടി പ്രചാരം നൽകിയതിനുമാണ് പുരസ്‌കാരം. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പുരസ്‌കാരം നൽകും. തിരുവഞ്ചൂർ രാധാകൃഷ്ണൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അയ്യപ്പ സേവാ സംഘം ദേശീയ സമിതി അംഗവും കോട്ടയം ശാഖാ പ്രസിഡന്റുമായ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.