 
അടിമാലി: അപകടങ്ങൾ തുടർക്കഥയാകുമ്പോഴും കല്ലാർകുട്ടി ടൗൺ വികസനം ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നു.ഭാരം കയറ്റി വന്ന ലോറി വ്യാപാരശാലകളിലേക്ക് പാഞ്ഞ് കയറിയ സംഭവമുണ്ടായി ഏതാനും നാളുകൾ പിന്നിടും മുമ്പെയാണ് വീണ്ടും നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ലോറി സമാന രീതിയിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.ടൗണിലെ കൊടും വളവും ഇടുങ്ങിയ റോഡുമാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടവരുത്തുന്നത്.വെള്ളത്തൂവൽ റോഡ് അടിമാലി -കുമളി ദേശിയപാതയുമായി സംഗമിക്കുന്നത് കല്ലാർകുട്ടി ടൗണിലാണ്.കൊടുംവളവ് നിറഞ്ഞ ഭാഗമായതിനാൽ വിവിധ ദിശകളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ തൊട്ടരികിലെത്തുമ്പോഴെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുകയുള്ളു.നാളുകൾക്ക് മുമ്പ് ടൗണിന് സമീപം മണ്ണിടിച്ചിൽ ഭീഷണി നിലനിന്നിരുന്ന ഭാഗത്തെ മണ്ണ് നീക്കി പാതയുടെ വീതി വർദ്ധിപ്പിച്ചിരുന്നു.ഈ ഭാഗത്തോട് ചേർന്നുള്ള കുറച്ചു ഭാഗത്തെ മണ്ണ് കൂടി നീക്കിയാൽ വാഹനങ്ങൾക്ക് ഒരൽപ്പം കൂടി സുഗമമായി ഇതുവഴി കടന്നു പോകാനാകുമെന്ന് സമീപവാസികൾ പറയുന്നു.അപകട സാദ്ധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ട് ടൗണിൽ സ്ഥാപിച്ചിരുന്ന കെർവിഡ് കോൺവെക്‌സ് മിറർ മുമ്പുണ്ടായ വാഹനാപകടത്തിൽ തകർന്നിരുന്നു.ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരം ഉണ്ടായിട്ടില്ല.വാഹനങ്ങൾ വ്യാപാരശാലകളിലേക്ക് പാഞ്ഞ് കയറി ഉണ്ടാകുന്ന അപകടങ്ങൾ എന്നത് ഇവിടെ പല ആവർത്തിയാണ് നടന്നത്. എപ്പോൾ വേണമെങ്കിലും വാഹനങ്ങൾ തങ്ങളുടെ സ്ഥാപനത്തിലേയ്ക്ക് പാഞ്ഞ് വരാം എന്നത് വ്യാപാരികളെ കൂടുതൽ ആശങ്കപ്പെടുത്തുകയാണ്. ടൗണിന് സമീപം വർഷങ്ങൾക്ക് മുമ്പ് ഇടിഞ്ഞ് അണക്കെട്ടിലേക്ക് പതിച്ച ഭാഗത്തെ പുനർനിർമ്മാണ ജോലികളും ഇനിയും നടത്തിയിട്ടില്ല.