
കോട്ടയം: കൊവിഡ് ദുരിതങ്ങളെല്ലാം മറന്ന് ക്രിസ്മസ് വിഭവങ്ങളൊരുക്കാനുള്ള ആവേശത്തിലാണ് വിശ്വാസികൾ. കേക്കും മീനും ഇറച്ചിയുമെല്ലാം വാങ്ങിക്കൂട്ടുന്ന തിരക്കായിരുന്നു ഇന്നലെ. രാവിലെ മുതൽ മത്സ്യ, മാംസ വ്യാപാര കേന്ദ്രങ്ങളിൽ നീണ്ട ക്യൂവായിരുന്നു. ബേക്കറികളിലും കച്ചവടം പൊടിപൊടിച്ചു.
മീനിൽ നെയ്മീനാണ് താരം. ആവോലി, വറ്റ,മോത, ചൂര തുടങ്ങിയവയും തൊട്ടു പിന്നിലുണ്ട്. ഇറച്ചി വിഭവങ്ങളിൽ കോഴിക്കും ബീഫിനും മട്ടനുമാണ് പ്രിയം. ഇറച്ചിവിഭവങ്ങൾക്ക് ആവശ്യമായതിനാൽ ഉള്ളിയും സവാളയും വാങ്ങാൻ പച്ചക്കറി കടകളിലും തിരക്കാണ്.
എത്തിയത് 1000 ടൺ ബീഫ്
ബീഫില്ലാത്ത ക്രിസ്മസിനെ പറ്റി ചിന്തിക്കാൻ കഴിയാത്തതിനാൽ ജില്ലയിൽ കശാപ്പിനെത്തിച്ചത് എണ്ണൂറോളം കന്നുകാലികളെയാണ്. ഏറ്റവും കൂടുതൽ ഇറച്ചി കച്ചവടം നടക്കുന്ന ക്രിസ്മസ് സീസണിൽ, ഇന്നും ഇന്നലെയുമായി കുറഞ്ഞത് 1000 ടണ്ണിനു മുകളിൽ മാട്ടിറച്ചി വിൽക്കുമെന്നാണ് വ്യാപാരികളുടെ കണക്ക്. 150 കിലോഗ്രാം മുതൽ തൂക്കമുള്ള മാടുകളെയാണ് എത്തിച്ചിരിക്കുന്നത്.
മുമ്പ് ക്രിസ്മസ് സീസണിൽ പോത്തിറച്ചി മാത്രമാണ് കൂടുതലായി വിറ്റിരുന്നത്. എന്നാൽ, കോഴിയിറച്ചി, മീൻ എന്നിവയുടെ വിലയുടെ കൂടി അടിസ്ഥാനത്തിലാണ് വിൽപ്പന നടക്കുകയെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് മാടുകളെ എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നു വരെ എത്തിക്കുന്നുണ്ട്.
ജില്ലയിൽ വിൽക്കുന്നതിൽ ഏറെയും എരുമയും പോത്തുമാണ്. കാളയെ കൊണ്ടുവരാറുണ്ടെങ്കിലും ജില്ലയിലെ ഭക്ഷണ പ്രേമികൾക്ക് പോത്തിറച്ചിയോടാണ് പ്രിയമെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യത്തിൽ പോത്തിറച്ചി വ്യാപാരം കുറവായിരുന്നു. പല സ്ഥലങ്ങളിലും ലഭിച്ചതുമില്ല.
ഇന്നലെ പുലർച്ചെ മുതൽ വ്യാപാരം ആരംഭിച്ചു. കോട്ടയം നഗരസഭാ പരിധിയിൽ മാത്രം 10 ടൺ ഇറച്ചി വ്യാപാരം നടന്നു.
- എം.എ. സലിം, ദേശീയ പ്രസിഡന്റ്, മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ
കോട്ടയം മാർക്കറ്റിലെ വില
മോത : 400
കേര : 300
വിള : 500
മത്തി : 200
അയല : 180
കിളി : 150
കോഴി : 120
ബീഫ് : 380
മട്ടൺ : 750
പന്നി : 250