sad

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുനക്കര മഹാദേവക്ഷേത്രത്തിലെ ജീർണിച്ച ഗോപുരങ്ങളും കൂത്തമ്പലവും ഭക്തജനങ്ങൾ പണം പിരിച്ച് നവീകരിക്കുന്ന ജോലി അവസാന ഘട്ടത്തിൽ.

നാല് ഗോപുരങ്ങളിൽ മൂന്നും ജീർണാവസ്ഥയിലായിരുന്നു. കിഴക്കേ ഗോപുരം ഒരു വർഷം മുമ്പ് ഭക്തജനങ്ങൾ തന്നെ അറ്റകുറ്റപണി നടത്തിയിരുന്നു. കേരളകൗമുദി ഇതു സംബന്ധിച്ച് വാർത്ത നൽകിയതോടെ കൊവിഡിൽ കാണിക്ക വരുമാനം കുറഞ്ഞതിനാൽ തിരി തെളിക്കാൻ കാശില്ല , പിന്നെ എവിടുന്നെടുത്ത് നവീകരിക്കുമെന്ന് ചോദിച്ച് ദേവസ്വം ബോർഡ് ഉന്നതൻ കൈമലർത്തി. ഇതോടെ ഭക്തജനങ്ങൾ ചെലവ് വഹിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. പത്തുപൈസ മുടക്കേണ്ടി വരില്ലെന്ന് ഉറപ്പായതോടെ ദേവസ്വം ബോർഡ് നിർമാണ അനുമതി നൽകുകയായിരുന്നു.

വടക്കേ ഗോപുരത്തിലെ ജീർണിച്ച് നിലം പൊത്താറായ കഴുക്കോലും പട്ടികയും പൊട്ടിയ ഓടുകളും പുതുക്കി. പടിഞ്ഞാറേ ഗോപുരവും തെക്കേ ഗോപുരവും നവീകരിക്കുന്ന ജോലി ഉടൻ ആരംഭിക്കും. നിലംപൊത്താറായ പടിഞ്ഞാറേ ഗോപുരം നവീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് പടിഞ്ഞാറേ നട ഭക്തജനസമിതി നേരത്തേ ബോർഡിന് കത്തു നൽകിയിരുന്നു.

ബലിക്കൽ പുരയിൽ വലിയ വിളക്കിന് മുകളിൽ ചെമ്പു മേഞ്ഞ ഭാഗം, തിടപ്പള്ളി , പ്രധാന ശ്രീകോവിൽ എന്നിവയ്ക്ക് ചോർച്ചയുണ്ട്. കൂത്തമ്പലത്തിലെ മേൽക്കൂരയും ജീർണിച്ചു. ഇവയും നന്നാക്കും. മാർച്ചിൽ ഉത്സവമാരംഭിക്കും മുമ്പ് പണികൾ പൂർത്തിയാക്കാനാണ് ശ്രമം. ചുറ്റമ്പലങ്ങളും ജീർണാവസ്ഥയിലാണ് . വടക്കുംനാഥന്റെ വിഗ്രഹം അഷ്ടബന്ധ കലശം നടത്തി ഉറപ്പിക്കുകയും വേണം . ഇതിന് തന്ത്രിയുടെ അനുവാദം വാങ്ങേണ്ടതുണ്ട്.

 ശിവനെ രക്ഷിച്ചതും കേരളകൗമുദി വാർത്ത

തിരുനക്കര ക്ഷേത്രത്തിലെ ആനയായ ശിവന്റെ പാപ്പാനെ അടിക്കടി ദേവസ്വം ബോർഡ് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പരിചയസമ്പന്നനായ ആനക്കാരനെ മാറ്റി പുതിയ ആൾ എത്തുന്നതോടെ അറുപതു വയസ് കഴിഞ്ഞ് അനാരോഗ്യത്തിലായ ആനയെ തല്ലി ചട്ടം പഠിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഭക്തജനങ്ങൾക്കിടയിൽ ചർച്ചയായതോടെ ശിവനെ നേരത്തേ പരിചരിച്ചിരുന്ന പാപ്പാനെ തിരികെ കൊണ്ടു വന്നു . ഇതോടെ പുതിയ ചട്ടം പഠിക്കുന്നതിനായി തല്ല് കൊള്ളാതെ രക്ഷപ്പെട്ടിരിക്കുകയാണ് തിരുനക്കരക്കാരുടെ താരമായ ശിവൻ .

'ഭക്തജനങ്ങൾ പിരിവെടുത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം എടുക്കുന്ന ദേവസ്വം ബോർഡിന് പിന്നെ എന്താണ് ചുമതല. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു കൊടുത്താൽ ഇതിലും നന്നായി പരിപാലിക്കും.'

- നാരായണൻ, ഒരു ഭക്തൻ