
കുമരകം: കുട്ടനാടിന്റെ തെക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വേലിയിറക്ക സമയത്ത് വണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ഇനി അറിയി പ്പുണ്ടാകുന്നതുവരെ എല്ലാ ഷട്ടറകളും അടഞ്ഞുകിടക്കും. വലിയേറ്റ സമയത്ത് ഷട്ടറുകൾ അടക്കുകയും വേലിയിറക്ക സമയത്ത് തുറക്കുകയുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്.
കുട്ടനാടൻ പാടശേഖരങ്ങളിൽ വെള്ളം കൂടിയതിനെ തുടർന്ന് മടവീഴ്ചയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കളക്ടറുടെ നിർദേശ പ്രകാരമാണ് കഴിഞ്ഞ 13 മുതൽ 23 ഷട്ടറുകൾ ഇടയ്ക്കിടയ്ക്ക് തുറക്കുകയും അടക്കുകയും ചെയ്തിരുന്നത്. ഇപ്പോൾ 90 ഷട്ടറുകളും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
മൽസ്യത്തൊഴിലാളികൾ ആശങ്കയിൽ
തിരുവാതിര വേലിയേറ്റ സമയത്താണ് ജലനിരപ്പ് ഉയർന്നതെന്നും ഉപ്പുരസം കലർന്ന വെള്ളം കായലിൽ എത്താത്ത സ്ഥിതിക്ക് ഷട്ടറുകൾ വീണ്ടും തുറക്കണമെന്നും തീരദേശത്തെ മത്സ്യത്തൊഴിലാളികൾ ആവശ്യമുയർത്തിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് കായലിൽ ഓരുവെള്ളം കടന്നു വരാഞ്ഞത് മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനത്തിന് പ്രതികൂലമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഡിസംബറിൽ ചെമ്മീൻ കിട്ടിത്തുടങ്ങുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. ചെമ്മീൻ ധാരാളമായി കിട്ടുന്ന പൂയപ്പതവും ശിവരാത്രിപ്പതവും ഭരണിപ്പതവുമെക്കെ എങ്ങനെ ആയിരിക്കുമെന്ന കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഷട്ടറുകൾ തുറന്നിടണമെന്ന തീരുമാനം പ്രാബല്യത്തിൽ വരുത്തണമെന്നും വിവിധ സ്ഥലങ്ങളിൽനിന്നും കക്കൂസ് മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്നും തീരദേശ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. പാടശേഖരങ്ങളിലെ വിളവെടുപ്പ് പൂർത്തിയാക്കി മാർച്ച് 15 ന് തന്നെ ഷട്ടറുകൾ തുറക്കാൻ നടപടി വേണമെന്നതാണ് മറ്റൊരു ആവശ്യം.