
പാലാ: സഹപാഠിയായ വിദ്യാർത്ഥിനിയെ കാമുകൻ കഴുത്തറുത്തുകൊന്ന കേസിൽ പാലാ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നിഥിനാമോളെ കഴിഞ്ഞ ഒക്ടോബർ 1ന്
കഴുത്തറുത്തുകൊന്ന കേസിൽ സഹപാഠി അഭിഷേക് ബൈജുവിനെതിരെയാണ് പാലാ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നിഥിനാമോൾ മുൻകാമുകനുമായി വീണ്ടും അടുത്തുവെന്ന് സംശയം തോന്നിയ അഭിഷേക് ബൈജു ഒരാഴ്ച ആസൂത്രണം ചെയ്ത് ക്രൂരമായ കൊലപാതകം നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിഥിനാമോളുടെ മുൻകാമുകൻ ഉൾപ്പെടെ 80 സാക്ഷികളാണുള്ളത്. ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ 48 രേഖകളും അനുബന്ധമായി ഹാജരാക്കിയിട്ടുണ്ട്.
സംഭവത്തിന് ഒരാഴ്ച മുമ്പുതന്നെ പെട്ടെന്ന് ഒരാളെ കൊലപ്പെടുത്തുന്ന വിധം ഉൾപ്പെടെയുള്ള കാര്യങ്ങൾ യൂട്യൂബിലും ഗൂഗിളിലുമൊക്കെ സേർച്ച് ചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഏത് ഞരമ്പ് മുറിച്ചാൽ പെട്ടെന്ന് മരണം സംഭവിക്കുമെന്നും പ്രതി മനസ്സിലാക്കിയിരുന്നു. കൃത്യം നിർവ്വഹിക്കുന്നതിന് മുന്നോടിയായി ഇത്തരത്തിലുള്ള 50ൽപരം വീഡിയോകൾ കണ്ടു.
ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേൽനോട്ടത്തിൽ പാലാ സി.ഐ. കെ.പി. ടോംസണായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പാലാ എസ്.ഐ. എം.ഡി. അഭിലാഷ്, എ.എസ്.ഐ. ഷാജിമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.