കോട്ടയം: വണ്ടി തട്ടിയതിന്റെ പേരിലുണ്ടായ വാക്കു തർക്കത്തിനിടെ, ശബരിമല തീർത്ഥാടനം കഴിഞ്ഞെത്തിയ അച്ഛനും മകനും യുവാക്കളുടെ ക്രൂരമർദനം. തിരുവഞ്ചൂർ എസ്.ആർ. സദനം പി.എസ്. സാബു (61), മകൻ അജിത് (25) എന്നിവർക്കാണ് മർദനമേറ്റത്. എം.സി. റോഡിൽ വട്ടമൂട് പാലം ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് കോട്ടയത്തെത്തി സ്‌കൂട്ടറിൽ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു സാബുവും മകനും. സ്‌കൂട്ടർ വട്ടമൂടിലേയ്ക്ക് തിരിയുമ്പോൾ, എതിരേ വന്ന വെള്ള നിറമുള്ള വാഗൺ ആർ കാർ തട്ടി. ഇരുമുടിക്കെട്ടുമായി രണ്ടു പേരും റോഡിലേയ്ക്കു വീണു. ഇവർ എഴുന്നേൽക്കുന്നതിനിടെ, അസഭ്യ വർഷം മുഴക്കി കാറിലുണ്ടായിരുന്നവർ നാഗമ്പടം ഭാഗത്തേയ്ക്ക് പോയി. ഓടിക്കൂടിയവർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്താൻ കാത്തുനിൽക്കുകയായിരുന്നു സാബുവും അജിത്തും. അൽപ്പം കഴിഞ്ഞ് യുവാക്കൾ മടങ്ങിയെത്തി സാബുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.