കോട്ടയം: ഈരയിൽക്കടവിൽ ജല അതോറിറ്റിയുടെ അറ്റകുറ്റപണികൾക്കായി നിർത്തിയിട്ടിരുന്ന ജെ.സി.ബിയുടെ പിന്നിൽ ബൈക്കിടിയിച്ച് മൂലവട്ടം സ്വദേശിയ്ക്ക് പരിക്ക്. മൂലവട്ടം സ്വദേശിയായ മധുവിനാണ് ഈരയിൽക്കടവ് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ഭാഗത്തായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്തു നിന്നുമെത്തിയ ബൈക്ക് ഇവിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജെ.സി.ബിയിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെയും ഇവിടെ അപകടമുണ്ടായി.