
കോട്ടയം: കൊവിഡ് തീർത്ത പ്രതിസന്ധികാലത്തും ജില്ലയിൽ വ്യവസായങ്ങൾക്ക് ഉണർവ്. നടപ്പു സാമ്പത്തിക വർഷം 30 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് വിവിധ വ്യവസായ സംരംഭങ്ങളിലൂടെ ജില്ലയിലുണ്ടായത്. കൊവിഡും പിന്നാലെയുള്ള ലോക്ക് ഡൗണും മൂലം മിക്ക വ്യവസായ സംരംഭങ്ങളും പ്രതിസന്ധിയിലായിരുന്നു. കൊവിഡിലെ ഇളവിൽ ഇവ വീണ്ടും പച്ചപിടിച്ചെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. പുതുതായി ആരംഭിച്ചവയിൽ ഏറെയും ചെറുകിട വ്യവസായ യൂണിറ്റുകളാണ്. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയും തുണയായി. കൊവിഡിൽ ജോലി നഷ്ടപ്പെട്ട് സ്വയംതൊഴിൽ സംരംഭങ്ങളിലേയ്ക്ക് നീങ്ങിയ പ്രവാസികളാണ് ഏറെയും. ചെറുതും വലുമായ 671 സംരംഭങ്ങളാണ് ഇതുവരെ ആരംഭിച്ചത്. വിവിധ സംരംഭങ്ങളിലായി 1674 പേർക്കാണ് ജോലി ലഭിച്ചതെന്നും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഭക്ഷണം മുതൽ മെഴുകുതിരി വരെ
പുതുതായി ആരംഭിച്ച വ്യവസായ സംരംഭങ്ങളിൽ ഏറെയും സേവനമേഖലയിലാണ്. ഭക്ഷണ വിതരണവും തുണിക്കടകളും മെഴുകുതിരി നിർമാണ യൂണിറ്റുകൾ വരെയുണ്ട്. 80 ശതമാനം പ്രവാസി സംരംഭങ്ങളാണ്.
ഈ വർഷം ആരംഭിച്ചവ
സേവന മേഖല -90
ഭക്ഷണം, കാർഷികം -77
തുണിക്കടകൾ-72
എൻജിനീയറിംഗ്-19
ഐ.ടി മേഖല -11
തടി അധിഷ്ഠിതം-4
പേപ്പർ അധിഷ്ഠിതം-2
ജോലി ലഭിച്ചത്
1674 പേർക്ക്