വൈക്കം: കർമ്മം കൊണ്ട് ധർമ്മത്തെ ചൈതന്യമാക്കിയ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ കാലഘട്ടത്തിന് ഏറ്റവും പ്രസക്തമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി പ്രതീകാത്മക പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിയന്റെ 54 ശാഖകളിലെ ഒരു പറ്റം തീർത്ഥാടകരാണ് ഇക്കുറി പദയാത്രയിൽ അണിചേർന്നത്. ഗുരുദേവന്റെ പാദസ്പർശമേറ്റ വൈക്കം സത്യഗ്രഹ സ്മാരക ആശ്രമ ഹൈസ്‌ക്കൂൾ മുറ്റത്തുനിന്ന് ഗുരുദേവൻ അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്കായിരുന്നു പ്രതീകാത്മക പദയാത്ര നടത്തിയത്. പദയാത്ര ക്യാപ്റ്റൻ യൂണിയൻ പ്രസിഡന്റ് കൂടിയായ പി.വി ബിനേഷിന് പീതവർണ്ണ പതാക കൈമാറിയാണ് മന്ത്രി ഉദ്ഘാടന ചടങ്ങ് നടത്തിയത്. പഞ്ചശുദ്ധിയിൽ വ്രതമെടുത്ത നൂറിലധികം ഭക്തരാണ് തീർത്ഥാടന പദയാത്രയിൽ അണിചേർന്നത്. സി.കെ ആശ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, യൂണിയൻ സെക്രട്ടറി എം.പി സെൻ, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കൗൺസിലർ സെൻ സുഗുണൻ, രാജേഷ് മോഹൻ, ബിജു തുരുത്തുമ്മ, ബിജു കൂട്ടുങ്കൽ, എം. മധു, വനിതാ യൂണിയൻ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി ബീനാ അശോകൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വി. വേലായുധൻ എന്നിവർ നേതൃത്വം നൽകി. ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിൽ ഗുരുസമർപ്പണ പൂജയ്ക്കു ശേഷം പദയാത്ര ആശ്രമം സ്‌ക്കൂളിലേക്ക് മടങ്ങി.