മാങ്കുളം: ആനക്കുളത്തെ അങ്കണവാടിയിലെത്തുന്ന കുരുന്നുകൾക്ക് ഇനി ഡിസ്‌നി വേൾഡ് പരിചയപ്പെടാം. ചിക്കണംകുടി അങ്കണവാടിയിലെ കുട്ടികൾക്ക് ജംഗിൾ ബുക്കിലെ മൗഗ്ലിയും ഷേർഖാനുമായും കൂട്ടുകൂടാം. ഇന്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ടി.വി, കളിയുപകരണങ്ങൾ, ശിശു സൗഹൃദ കസേര, മേശ, കുട്ടികൾക്ക് സംഗീതം ആസ്വദിക്കുന്നതിനും സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ട്രോളി മൈക്ക് സെറ്റ് എന്നിങ്ങനെ സ്മാർട്ടാവുകയാണ് നമ്മുടെ അങ്കണവാടികളും. ജില്ലയിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടികൾ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തും ചിക്കണംകുടിയിലും ഒരുങ്ങി. കുട്ടികൾക്ക് കളിയിലൂടെ വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കുകയാണ് ലക്ഷ്യം. തീം അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് അങ്കണവാടി എന്ന ആശയം മുന്നോട്ട് വെച്ച് പദ്ധതിക്ക് മേൽനോട്ടം നൽകിയത് മാങ്കുളം ഐ.സി.ഡി.എസ് സൂപ്പർവൈസർ അലോഷിയ ജോസഫാണ്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സർക്കാർ അംഗീകൃത ഏജൻസിയായ ആർട്‌കോയുമായി ചേർന്ന് പൈലറ്റ് പദ്ധതി എന്ന നിലയിൽ മാങ്കുളത്ത് നാല് അങ്കണവാടികളാണ് സ്മാർട്ടാക്കുന്നത്. പദ്ധതി വിജയകരമെങ്കിൽ അടുത്ത സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഒമ്പത് പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് മാങ്കുളം ഡിവിഷൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പ്രവീൺ ജോസ് അറിയിച്ചു. ദേവികുളം അഡീഷണൽ സി.ഡി.പി.ഒ പി.എൻ. തുളസിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
'പ്രീസ്‌കൂൾ മുതൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ലക്ഷ്യം വയ്ക്കുന്നത്. "
- ആനന്ദ റാണി ദാസ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)