വൈക്കം : കേരളത്തിലെ ജന്മിത്വം അവസാനിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്നും, അത് നടപ്പിലാക്കിയത് കേരളം കണ്ട ഏറ്റവും പ്രഗൽഭനായ മുഖ്യമന്ത്രി സി.അച്യുതമേനോനും ആയിരുന്നുവെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എം.എൽ.എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാർത്ഥം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുളള അവാർഡ് ദാനവും സി.കെ വിശ്വനാഥൻ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്യുതമേനോനെപോലുള്ളവരുടെ വഴിത്താരയിലൂടെ പുതുതലമുറയെ വഴിനടത്തിയവരാണ് സി.കെ വിശ്വനാഥനെ പോലുള്ളവർ. അവാർഡിന് അർഹനായ നവജീവൻ പി.യു തോമസിനെ പോലുള്ളവർ നിസ്സഹായരായ മനുഷ്യർക്ക് സാന്ത്വനമാകുന്ന കരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ കർഷക സമരം ഒരു ജനകീയ അനുഭവമായിരുന്നുവെന്ന് 52 ദിവസം സമരത്തിൽ പങ്കെടുത്ത സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിലെ (ഇണ്ടംതുരുത്തിമന) സി.കെ വിശ്വനാഥൻ സ്മാരകഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. പി.യു.തോമസിന് പന്ന്യൻ രവീന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ മുഖ്യപ്രസംഗം നടത്തി. ബിനോയ് വിശ്വം എം.പി സ്‌കോളർഷിപ്പ് വിതരണവും, സി.കെ ആശ എം.എൽ.എ കാഷ് അവാർഡ് വിതരണവും നിർവഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, പി. സുഗതൻ, എം.ഡി.ബാബുരാജ്, ജോൺ വി ജോസഫ്, എൻ.എം മോഹനൻ, എം.എസ്.സുരേഷ്, ഡി.രഞ്ജിത്കുമാർ, കെ.നാരായണൻ, കെ.എ. രവീന്ദ്രൻ, വി.എൻ.ഹരിയപ്പൻ, ബി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.