മുണ്ടക്കയം: പാറത്തോട് ഇടക്കുന്നത്തെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഫ്രിഡ്ജിനുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്. ആശുപത്രിയിൽ നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാർ ഇടപെട്ട് ഉടൻ തീയണച്ചതിനാൽ വൻഅപകടം ഒഴിവായി. ആശുപത്രിയിലെ വയറിംഗ് പൂർണമായും കത്തിയമർന്നു. മുറികളിലെ സീലിംഗിനും ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഓക്‌സിജൻ സിലിണ്ടർ ഉൾപ്പെടെ കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.