കോട്ടയം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ 25ന് മഹിളാ മോർച്ച കോട്ടയത്ത് അടൽജി അനുസ്മരണ ചടങ്ങും അവാർഡ് ദാനവും സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും വാജ്‌പേയി നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് ച‌ട‌ങ്ങ് ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കുടുംബശ്രീ ഉൾപ്പടെയുള്ള സ്ത്രീ ശാക്തീകരണ നടപടികൾ സ്വീകരിച്ച വാജ്‌പേയി സദ്ഭരണമെന്ന സങ്കല്പം സാക്ഷാത്ക്കരിച്ച നേതാവാണ്.

മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച എറണാകുളം കോർപ്പറേഷൻ കൗൺസിലർ സുധ, പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, പാലക്കാട് മുൻ നഗരസഭാ ചെയർപേഴ്‌സനും നിലവിലെ കൗൺസിലറുമായ പ്രമീള ശശിധരൻ, കൊല്ലം ജില്ലയിലെ പഞ്ചായത്ത് മെമ്പർ വസന്ത ബാലചന്ദ്രൻ, തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാകുമാരി എന്നിവർക്ക് അടൽ അവാർഡ് നൽകി. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ്, ഭാരവാഹികളായ എൻ.രതി, അഡ്വ. രൂപാ ബാബു, രാകേന്ദു, വിനീത ഹരിഹരൻ, സ്മിത മേനോൻ, അഞ്ജന രഞ്ചിത്ത്, ഷൈമ പൊന്നോത്ത്, അഡ്വ. ശ്രീവിദ്യ, സി.സത്യ ലക്ഷ്മി, കോട്ടയം ജില്ലാ പ്രസിഡന്റ് ദേവകി എന്നിവർ പങ്കെടുത്തു.