രാമപുരം റൂട്ടിൽ വീണ്ടും കൂട്ടത്തോടെ സർവീസ് മുടക്കി

പാലാ: ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെല്ലാം അവഗണിച്ച് ഞായറാഴ്ച വീണ്ടും സർവീസ് മുടങ്ങിയ

സ്വകാര്യ ബസുകൾക്കെതിരെ നടപടി. ഇന്നലെ മാത്രം 25 ബസുകൾക്കെതിരെ കേസെടുത്തതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാലാ ഏഴാച്ചേരി രാമപുരം , പാലാ വലവൂർ ഉഴവൂർ, പാലാ ചക്കാമ്പുഴ രാമപുരം, ഉഴവൂർ കോട്ടയം റൂട്ടുകളിലുള്ള മുഴുവൻ സ്വകാര്യബസുകളും ഇന്നലെയും സർവീസ് മുടക്കുകയായിരുന്നു. നാല് ബസുടമകളുടെ കീഴിലുള്ളതാണ് ഈ റൂട്ടുകളിലെ ഭൂരിഭാഗം ബസുകളും.

ഉഴവൂർ ജോയിന്റ് ആർ.ടി ഓഫീസിന് കീഴിലും പാലാ ജോയിന്റ് ആർ.ടി ഓഫീസിന് കീഴിലുമുള്ള പ്രദേശങ്ങളിലാണ് ഗതാഗത വകുപ്പുദ്യോഗസ്ഥർ പരിശോധിനയ്ക്കിറങ്ങിയത്. ഞായറാഴ്ചകളിൽ കൂട്ടത്തോടെ സ്വകാര്യബസുകൾ സർവീസ് മുടക്കുന്നതായി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ
ഉൾപ്പടെ പരാതിപ്പെട്ടിരുന്നു. ഉഴവൂർ രാമപുരം പ്രദേശങ്ങളിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുധീഷിന്റെയും പാലായിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയിയുടെയും നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ആകശാല, ദേവമാതാ, സെന്റ്‌റോക്കീസ്, സെന്റ്‌തോമസ്, ഫ്രണ്ട്‌സ് എന്നീ ബസ് കമ്പനികൾക്കെതിരെയാണ് കേസെടുത്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് കോട്ടയം ആർ.ടി.ഒ യ്ക്ക് സമർപ്പിക്കും. അനധികൃതമായി സർവീസ് മുടക്കിയ ബസ് കമ്പനികൾ കനത്തപിഴ അടയ്‌ക്കേണ്ടിവരും. ഞായറാഴ്ചകളിൽ സ്വകാര്യബസുകൾ കൂട്ടത്തോടെ സർവീസ്
നിർത്തിവയ്ക്കുന്നത് മൂലം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ബസുകൾ ഞായറാഴ്ചയും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസുടമകളോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അവരിത് ഗൗനിച്ചതേയില്ല.

ഞായറാഴ്ചകളിൽ യാത്രക്കാർ കുറവായതിനാലാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.

അനുമതിയില്ല

നിയമപരമായി ആർ.ടി.എ യുടെ അനുമതിയോടെ മാത്രമേ സർവീസുകൾ നിർത്തിവയ്ക്കാൻ സാധിക്കൂ എന്നും ഒരു ബസുടമയും ഇതിനായി അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് അനധികൃതമായി സർവീസ് നിർത്തിവച്ച ബസുടമകൾക്കെതിരെ കേസെടുത്തതെന്നും പാലാ, ഉഴവൂർ ജോയിന്റ്
ആർ.ടി.ഒ അധികാരികൾ വിശദീകരിച്ചു.