
തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ഭാഗമായ മലങ്കര അണക്കെട്ടിൽ നിന്ന് ഇടത്- വലത് കനാലുകളിലൂടെ വെള്ളം തുറന്നുവിടാത്തതിനെ തുടർന്ന് പതിനായിരക്കണക്കിനുള്ള ജനങ്ങൾ ദുരിതത്തിൽ. വേനൽ കടുത്തതോടെ കനാൽ കടന്നുപോകുന്ന ഇരുവശങ്ങളിലുമുള്ള 24 തദ്ദേശസ്ഥാപന പ്രദേശങ്ങളിലെ കിണറുകളും മറ്റുള്ള കുടിവെള്ള സ്രോതസുകളും വറ്റി വരളുകയും കൃഷിയിടങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാവുകയുമാണ്. മുൻവർഷങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്ന് നവംബർ ആദ്യവാരം മുതൽ മലങ്കരയിൽ നിന്നുമുള്ള വെള്ളം കനാൽ വഴി തുറന്ന് വിട്ടിരുന്നു. എന്നാൽ ഇത്തവണ ഡിസംബർ അവസാനിക്കാറായിട്ടും മലങ്കര ഡാമിൽ നിന്നുള്ള വെള്ളം കനാൽ വഴി തുറന്നുവിടാൻ ബന്ധപ്പെട്ടവർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.