പൊൻകുന്നം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡിൽ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി.അന്താരാഷ്്ട്ര നിലവാരത്തിൽ റോഡ് നിർമ്മിച്ചത് കെ.എസ്.ടി.പി. ആണ്.വഴിവിളക്കുകളടക്കം നിർമ്മാണം പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിനാൽ പിന്നീടുണ്ടാകുന്ന അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് കെ.എസ്.ടി.പി. അധികൃതർ പറയുന്നത്.
40 മീറ്റർ ഇടവിട്ടാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ബാറ്ററിയുടെ തകരാറുമൂലമാണ് മിക്ക ലൈറ്റുകളും തെളിയാതായത്.കുറേ ലൈറ്റുകൾ വണ്ടി ഇടിച്ചു തകർന്നു.അടുത്തുള്ള പുരയിടത്തിൽനിന്നും മറ്റുമുള്ള മരങ്ങളുടേയും കെട്ടിടങ്ങളുടേയും മറവിൽ ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിക്കാത്തതിനാലും ചിലയിടങ്ങളിൽ സോളാർ ലൈറ്റ് തെളിയാത്തതുണ്ട്.റോഡ് കൈമാറുന്നതിനുമുമ്പ് കെ.എസ്.ടി.പി.പല തവണ തെളിയാതായ ലൈറ്റുകൾ മാറ്റിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തതിനുശേഷമാണ് വഴി ഇരുട്ടിലായത്.
കേടായ വിളക്കുകൾ പുനസ്ഥാപിക്കുന്ന കാര്യം അനർട്ടിനെ ഏൽപ്പിച്ചെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.നിലവാരം കൂടിയ ബാറ്ററി മാറ്റിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നുവെന്ന് അനർട്ടും പറയുമ്പോൾ വെളിച്ചത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.