cpm

കോട്ടയം: സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക്‌ വീട്‌ നിർമിച്ചു നൽകുകയെന്ന സിപി.എമ്മിന്റെ ദൗത്യം ലക്ഷ്യം മറികടന്ന് 103 വീടിന്റ പൂർത്തീകരണത്തിലേക്ക്‌. ഇത്‌ വരെ നിർമിച്ചു നൽകിയ 94 വീടുകൾക്ക്‌ പുറമെ, അവസാനമായി നിർമാണം പൂർത്തീകരിച്ച ഒമ്പത്‌ വീടുകളുടെ താക്കോൽദാനം ഇന്നലെ കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ്‌, സഹകരണ മന്ത്രി വി.എൻ വാസവൻ എന്നിവരും പങ്കെടുത്തു .

2018ലെ സംസ്ഥാന സമ്മേളനത്തിലെ ആഹ്വാനപ്രകാരമാണ്‌ ജില്ലയിൽ 100 വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചത്‌. ഒരുവിധത്തിലും സ്വന്തമായി വീട്‌ നിർമിക്കാൻ നിവൃത്തിയില്ലാത്തവരെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ടെത്തി വീട്‌ നിർമിച്ചു നൽകുകയായിരുന്നു.

പാർട്ടി പ്രവർത്തകരിൽ നിന്നും സഹായസന്നദ്ധതയുള്ള വ്യക്തികളിൽനിന്നും പണം ശേഖരിച്ചാണ്‌ മികച്ച വീടുകൾ നിർമിച്ചു നൽകിയത്‌. ഇതിനിടെയുണ്ടായ രണ്ട്‌ വലിയ വെള്ളപ്പൊക്കവും കൊവിഡ്‌ മഹാമാരിയുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടും പ്രവർത്തകർ പാർട്ടിയുടെ നിർദേശം നടപ്പാക്കി. മിക്കയിടത്തും പാർട്ടി പ്രവർത്തകർ തന്നെയായിരുന്നു നിർമാണം. പത്ത്‌ വീടുകൾ ഇപ്പോൾ നിർമാണത്തിലുമുണ്ട്‌.

വീടുകൾ ഏരിയ തിരിച്ച്

#കടുത്തുരുത്തി -14

#അയർകുന്നം -10

#വാഴൂർ-9

#ചങ്ങനാശേരി -9

#ഏറ്റുമാനൂർ-9

#കോട്ടയം-9

#കാഞ്ഞിരപ്പള്ളി-9

#തലയോലപ്പറമ്പ് -9

#പുതുപ്പള്ളി - 8

#വൈക്കം- 6

#പൂഞ്ഞാർ- 6

#പാലാ- 5

കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ വീട്‌ നഷ്ടപ്പെട്ടവർക്കു വേണ്ടിയും സി.പി.എം വീട്‌ നിർമിച്ചു നൽകും. ഇരുപത്തിയഞ്ച്‌ വീടുകൾ നിർമിക്കുമെന്നാണ്‌ പാർട്ടി പ്രഖ്യാപിച്ചിരുന്നത്‌. മുപ്പത്‌ വീടുകൾ നിർമിക്കാവുന്ന നിലയിലാണ്‌ ഇപ്പോൾ. ഇതിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ തുടങ്ങും.

എ.വി റസൽ, ജില്ലാ സെക്രട്ടറി