mahila

കോട്ടയം: നാടിന്റെ മുഴുവൻ ആശീർവാദവും സ്‌നേഹാശംസകളും ഏറ്റുവാങ്ങി കല്ലറ സർക്കാർ മഹിളാ മന്ദിരത്തിലെ കലയും മരിയയും പുതുജീവിതത്തിന്റെ വാതിൽ തുറന്നു. കല്ലറ ശ്രീശാരദാ ക്ഷേത്രനടയിൽ കൂവപ്പള്ളി സ്വദേശി ആൽബിൻ കുമാർ മരിയയ്ക്കും വൈക്കം ടി.വി പുരം സ്വദേശി കൃഷ്ണജിത്ത് കലയ്ക്കും താലി ചാർത്തി.

തോമസ് ചാഴിക്കാടൻ എം.പി., സി.കെ. ആശ എം.എൽ.എ., കളക്ടർ ഡോ.പി.കെ. ജയശ്രീ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ കലയുടെയും കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ മരിയയുടെയും കൈ പിടിച്ചു വരന്മാരെ ഏൽപ്പിച്ചു. വലിയൊരു ഉത്തരവാദിത്തം നിറവേറ്റിയ ചാരിതാർത്ഥ്യമായിരുന്നു സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർക്കും മഹിളാ മന്ദിരത്തിലെ മറ്റംഗങ്ങൾക്കും.

വധൂവരന്മാർ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. കളക്ടർ സമ്മാനിച്ച വിവാഹ സാരിയാണ് കലയും മരിയയും ധരിച്ചത്. മഹിളാമന്ദിരം സൂപ്രണ്ട് പി.എം. ഗീതാകുമാരി രണ്ടു പേരേയും വിവാഹ വേദിയിലേക്ക് ആനയിച്ചു. മോൻസ് ജോസഫ് എം.എൽ.എയും ജനപ്രതിനിധികളും ചടങ്ങിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു.വനിതാ ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ ഇരുവർക്കും വിവാഹ ധനസഹായമായി അനുവദിച്ചിരുന്നു. ചടങ്ങിന് ശേഷം കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കിയ സ്‌നേഹ വിരുന്നിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.