24 മണിക്കൂർ നിരാഹാരസമരം ഇന്ന് മുതൽ


മുണ്ടക്കയം: കൊക്കയാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വ്യാഴാഴ്ച രാവിലെ 10 വരെ കൊക്കയാർ വില്ലേജ് ഓഫീസ് പടിക്കൽ കണ്ണുതുറപ്പിക്കൽ സമരം നടത്തും. പ്രളയം കഴിഞ്ഞു മൂന്നു മാസത്തോളം ആകുമ്പോഴും ദുരിത ബാധിതരെ സഹായിക്കാത്ത അധികാരികളുടെ നടപടിക്കെതിരെയാണ് 24 മണിക്കൂർ നീണ്ടു നിൽക്കുന്ന സമരം നടത്തുന്നത്.
പ്രളയബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവന രഹിതരായവരെ പുനരധിവസിപ്പിക്കുക, സ്ഥലം നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകുക, പൂവഞ്ചിതൂക്കുപാലം പുനർനിർമ്മിക്കുക, നാരകം പുഴ കുടിവെള്ളപദ്ധതി പുനസ്ഥാപിക്കുക, ദുരന്ത മേഖലയിലെ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരം ആരംഭിക്കുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് മാക്കോച്ചി യിലെ ദുരന്ത ഭൂമിയിൽ നിന്നും വായ് മൂടിക്കെട്ടി വില്ലേജ് ഓഫീസ് പഠിക്കൽ എത്തും.തുടർന്ന് സർവ്വമത പ്രാർത്ഥനയും 24 മണിക്കൂർ നിരാഹാര സമരവും ആരംഭിക്കും. വിവിധ നേതാക്കന്മാർ സംസാരിക്കും.
പി.ജെ വർഗീസ് , അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, റെഞ്ചി പ്ലാംകുന്നേൽ, കെ.എച്ച് തൗഫീഖ്, മാത്യു കമ്പിയിൽ, ഷമീർ ഖാൻ , ജിജി കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.