പാലാ: ഞായറാഴ്ചകളിൽ ഓടാത്ത സ്വകാര്യ ബസ്സുകൾക്കും കെ.എസ്. ആർ.ടി. സി. ബസ്സുകൾക്കും രണ്ടു നീതിയോ? ഇത് ശരിയാവില്ലെന്ന് ബസ്സുടമകൾ.അവധി ദിവസങ്ങളിൽ ഓടാത്ത കെ.എസ്.ആർ.ടി.സി. ബസുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും സ്വകാര്യ ബസുടമകൾ.

ഇക്കാര്യത്തിൽ സ്വകാര്യബസുകളോടും കെ.എസ്.ആർ.ടി.സി. ബസുകളോടും പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പാലാ യൂണിറ്റ് സെക്രട്ടറി ഡാന്റീസ് തെങ്ങുംപള്ളിക്കുന്നേൽ പറഞ്ഞു.
പാലായിൽ നിന്ന് മെയിൻ റൂട്ടുകളായ രാമപുരം, ഉഴവൂർ, കുറവിലങ്ങാട് ഭാഗങ്ങളിലേക്ക് പ്രൈവറ്റ് ബസുകളേക്കാൾ കൂടുതൽ ഓടുന്നത് കെ.എസ്.ആർ.ടി.സി. ബസുകളാണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. എന്നാൽ ഈ റൂട്ടുകളിൽ ഞായറാഴ്ച ഉൾപ്പെടെ അവധിദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവ്വീസ് നടത്തുന്നില്ലെന്നും എന്നിട്ടും അവർക്കെതിരെ ഒരു നടപടിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും സ്വകാര്യബസുടമകൾ കുറ്റപ്പെടുത്തുന്നു.
മുന്നൂറോളം സ്വകാര്യബസുകൾ കൊവിഡിന് മുമ്പായി പാലാ വഴി സർവ്വീസ് നടത്തിയിരുന്നു. ഇപ്പോൾ ഈ ബസുകളുടെ എണ്ണം നേർപകുതിയായി കുറഞ്ഞു. സർവ്വീസ് നടത്തുന്ന ബസുകൾതന്നെ ഭീമമായ നഷ്ടം സഹിച്ചാണ് ഓടുന്നത്.

ഡീസൽ അടിക്കാനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും സാധിക്കാത്തതുകൊണ്ടാണ് ബാക്കിവണ്ടികൾ നിരത്തിലിറക്കാത്തതെന്നും സ്വകാര്യബസുടമകൾ പറയുന്നു.
ഞായറാഴ്ച സർവ്വീസ് നടത്താത്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഇന്നലെ ഒരു ബസിന് 7500 രൂപാ വീതമാണ് ഫൈൻ അടിച്ചിരിക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി. ബസുകൾക്കെതിരെ സർവ്വീസ് നടത്താത്തതിന് ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ഈ ചിറ്റമ്മനയം അംഗീകരിക്കാനാവില്ല. ഈ രീതി തുടർന്നാൽ ബസുടമകൾ പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കുമെന്നും ഡാന്റീസ് തെങ്ങുംപള്ളിക്കുന്നേൽ മുന്നറിയിപ്പ് നൽകി.

ഇനി പൊതുദിവസങ്ങളിലും ഞായറാഴ്ചകളിലും സർവ്വീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികാരികളും മുന്നറിയിപ്പ് നൽകുന്നു. അവധിദിവസങ്ങളിൽ സർവ്വീസ് നടത്താത്ത കെ.എസ്.ആർ.ടി.സി. ബസുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.