ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിനിർഭരമായി . ഏഴാച്ചേരി തെക്ക്, വടക്ക് കരകളിൽ നിന്നായി നൂറുകണക്കിന് സ്ത്രീകൾ താലപ്പൊലി ഘോഷയാത്രയിൽ അണിചേർന്നു.
ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഴാച്ചേരി തെക്ക്, വടക്ക് കരകളിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രക്ക് പകരം കാണിക്കമണ്ഡപത്തിങ്കൽ നിന്നാണ് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്. താളമേളങ്ങളും വായ്ക്കുരവകളും ആർപ്പുവിളികളും അകമ്പടിയാക്കിയ താലപ്പൊലി ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ മൂന്നുവലം വച്ച് ശ്രീകോവിലിന് മുന്നിൽ സമാപിച്ചു. തുടർന്ന് വിശേഷാൽ ദീപാരാധനയും വലിയകാണിക്കയും നടന്നു.

രാവിലെ മഹാഗണപതിഹോമം, ഉദയാസ്തമനപൂജ, പുരാണപാരായണം, നടയ്ക്കൽ പറവയ്പ്പ് എന്നിവയുണ്ടായിരുന്നു. ചടങ്ങുകൾക്ക് തന്ത്രി നരമംഗലം ചെറിയനീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. താലപ്പൊലി ഘോഷയാത്രയ്ക്കും വലിയകാണിക്കയ്ക്കും ശേഷം ഭക്തിഗാനാഞ്ജലിയും ഉണ്ടായിരുന്നു.