
കോട്ടയം: പുതുപ്പള്ളി ജംഗ്ഷനും പരിസരങ്ങളും കുരുക്കിൽ അകപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നാളിതുവരെയായിട്ടും പരിഹാരമില്ല. നാല് ദിശയിൽ നിന്നും മണിക്കൂറുകൾ നീളുന്ന കുരുക്കും വാഹനങ്ങളുടെ നീണ്ട നിരയും ഇവിടെ പതിവാണ്. മണർകാട്, കോട്ടയം, കറുകച്ചാൽ, ചങ്ങനാശേരി എന്നീ സ്ഥലങ്ങളിലേയ്ക്ക് പോകുന്നത് പുതുപ്പള്ളി ജംഗ്ഷൻ കടന്നാണ്. ദിനംപ്രതി നിരവധി ചെറുതും വലുതുമായ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെയാണ് ഇതുവഴി കടന്നു പോകുന്നത്.
നാളിതുവരെയായിട്ടും ഈ ജംഗ്ഷനിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനും ട്രാഫിക് സിഗ്‌നൽ സ്ഥാപിച്ചിട്ടില്ല. സ്വകാര്യ, കെ. എസ്. ആർ. ടി. സി ബസുകളും ഈ റൂട്ടിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. റോഡിന് വീതി കുറവായതും കുരുക്കിന് ഇടയാക്കുന്നു. ജംഗ്ഷനിൽ ചെറിയ കുരുക്ക് രൂപപ്പെടുന്നതോടെ കുരുക്ക് നീളുന്നു. മണർകാട് റോഡിൽ തലപ്പാടി വരെയും ചങ്ങനാശേരി റോഡിൽ ജോർജിയൻ പബ്ലിക് സ്‌കൂൾ വരെയും കോട്ടയം റോഡിൽ ഗവ. സ്‌കൂൾ, കറുകച്ചാൽ റോഡിൽ പുതുപ്പള്ളി സ്റ്റാൻഡ് വരെയും കുരുക്ക് നീളുന്നതാണ് പതിവ്. അപകടങ്ങളും ഇവിടെ പതിവാണ്. വാഹനങ്ങൾ മറ്റ് റോഡുകളിലേയ്ക്ക് തിരിയുന്നതിനിടെ വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതു പതിവാണ്. വേഗനിയന്ത്രണത്തിന്റെ ഭാഗമായി സ്പീഡ് ബ്രേക്കറുകൾ മാത്രമാണ് റോഡിൽ സ്ഥാപിച്ചിട്ടുള്ളത്. ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുകയുംഹോംഗാർഡിന്റെ സേവനവും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.