
കോട്ടയം: പുതുതലമുറയിലേക്ക് പ്രകൃതി സൗഹൃദ സന്ദേശം വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ ഹരിതകേരളം വിദ്യാർത്ഥികളിലൂടെ എന്ന കാമ്പെയ്ൻ സംഘടിപ്പിച്ചു. മാലിന്യസംസ്‌കരണവും അവബോധ ക്ലാസും പാഴ് വസ്തുക്കളിൽ നിന്നും ഹരിത ഉല്പന്നങ്ങൾ നിർമ്മിച്ചെടുക്കുന്നതും സംബന്ധിച്ചാണ് പരിശീലനം നടക്കുന്നത്. മൂന്ന് വർഷമായി 39 ഹരിത വിദ്യാലയങ്ങളിൽ മിഷന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും മുക്തി നേടുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ജില്ലയിലെ എല്ലാ കോളേജ്, സ്‌കൂൾ തലത്തിലും പദ്ധതി വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകളിൽ പരിപാടി സംഘടിപ്പിച്ചത്. ബസേലിയോസ് കോളേജ് കോട്ടയം, എൻ.എസ്.എസ് കോളേജ് വാഴൂർ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കാണക്കാരി, സെന്റ് എഫ്രേം സ്‌കൂൾ മാന്നാനം എന്നിവിടങ്ങളിലാണ് മാലിന്യ അവബോധ ക്ലാസ്, മാലിന്യത്തിൽ നിന്ന് ഹരിത ഉല്പന്നങ്ങളുടെ പുനർനിർമ്മാണ പരിശീലനം എന്നിവ നടന്നത്. രണ്ട് മണിക്കൂർ നീളുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്. പേപ്പറിൽ നിന്ന് പേന, തുണിയിൽ നിന്ന് ചവിട്ടി, പെൻസ്റ്റാൻഡ്, ബയോബിൻ, പേപ്പർ ബാഗ് എന്നിവയുടെ നിർമ്മാണമാണ് പരിശീലിപ്പിച്ചത്. കൂടാതെ, വീടുകളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സർവ്വേയും നടന്നു.