വൈക്കം : മഹാദേവക്ഷേത്രത്തിൽ പ്രസാദ ഊട്ട്, പ്രാതൽ, അന്നദാനം, അത്താഴം ഊട്ട് പുനരാരംഭിക്കണമെന്ന് ശ്രീ വൈക്കത്തപ്പൻ അന്നദാന ട്രസ്റ്റ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ ഇവ നിർത്തി വെച്ചതാണ്. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവുനൽകി പല ക്ഷേത്രങ്ങളിലും പ്രസാദ ഊട്ട് പുനരാരംഭിച്ചു. എന്നാൽ വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രസാദ ഊട്ട്, അന്നദാനം, പ്രാതൽ, അത്താഴ ഊട്ട് എന്നിവ പുനരാരംഭിക്കുന്നതിന് യാതൊരു നീക്കവും ഉണ്ടായില്ല. തിരുവിതാംകൂർ ദേവസ്വംബോർഡ് ഈ വിഷയം പരിഗണിച്ച് അന്നദാനം, പ്രാതൽ, അത്താഴ ഊട്ട് ഇവ ഉടൻ തന്നെ പുനരാരംഭിക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് ട്രസ്റ്റ് കമ്മറ്റി ആവശ്യപ്പെട്ടു.