
പാലാ: തെക്കേക്കരയിലെ മഹാകവി കുമാരനാശാൻ സ്മാരക പാർക്കിൽ വെളിച്ചമെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇവിടെ വെള്ളം വിതരണം തടസപ്പെട്ടത് പരിഹരിക്കാനും നടപടിയായിട്ടുണ്ട്. നഗരസഭയിലെ കുട്ടികളുടെ ഏകപാർക്കായ കുമാരനാശാൻ സ്മാരക പാർക്കിൽ വെള്ളവും വെളിച്ചവും ഇല്ലാത്തതുസംബന്ധിച്ച് 'കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ പാർക്കിൽ മെഴുകുതിരി തെളിച്ച്‌സമരവും നടത്തിയിരുന്നു.
'കേരളകൗമുദിയിൽ ' പാർക്കിന്റെ ശോച്യാവസ്ഥയെക്കുറിച്ച് വാർത്തവന്ന ദിവസം നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര വിഷയത്തിൽ ഇടപെടുകയും എത്രയുംവേഗം പാർക്കിൽ വെളിച്ചമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു.
രണ്ട് വെള്ളപ്പൊക്ക കാലഘട്ടത്തിലും പാർക്കിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇവിടുത്തെ വയറിംഗ് ഉൾപ്പെടെയുള്ള ഇലക്ട്രിക് സംവിധാനങ്ങളാകെ തകരാറിലായത്. പാർക്കിലെ കിണറ്റിൽ വച്ചിട്ടുള്ള മോട്ടോറും തകരാറിലായിരുന്നു.
പാർക്കിൽ വെളിച്ചമില്ലാതായതോടെ ഇവിടെ വൈകുന്നേരങ്ങളിൽ വരുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കുമൊക്കെ വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. മാത്രമല്ല പാർക്കിന്റെ പടിഞ്ഞാറെ ചെരുവിൽ ചതുപ്പുനിലത്തോട് ചേർന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്
ദിവസവും വൈകിട്ട് 4 മുതൽ രാത്രി 8 വരെയായിരുന്നു പാർക്കിലെ പ്രവേശനം. കൊവിഡ് കാലഘട്ടത്തിൽ അടഞ്ഞുകിടന്ന പാർക്ക് ഒരു വർഷം മുമ്പ് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിലും തോമസ് പീറ്ററും പ്രത്യേകം താത്പര്യമെടുത്താണ് തുറന്നത്. എന്നാൽ നാലുമാസത്തിനുള്ളിൽ തന്നെ ഇവിടുത്തെ വൈദ്യുതി ദീപാലങ്കാരങ്ങളും ബൾബുകളുമെല്ലാം തകരാറിലാവുകയായിരുന്നു.
ഇന്നലെ വയറിംഗിന്റെയും മറ്റും അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. വെള്ളം കയറി വൈദ്യുതി ഷോർട്ടായതായിരുന്നു പ്രധാന തകരാർ. വൈദ്യുതി പൈപ്പുകളും മറ്റും പൊട്ടിപ്പോവുകയും ചിലഭാഗങ്ങൾ ദ്രവിക്കുകയും ചെയ്തിരുന്നു. മോട്ടോറിന് തകരാർ ഇല്ലായിരുന്നുവെങ്കിലും വെള്ളം കടന്നുപോകുന്ന കുഴലുകൾ പല ഭാഗത്തും പൊട്ടിയിരുന്നു.
അവധിക്കാലമായതോടെ പാർക്കിലും കുട്ടികളുടെ തിരക്കുണ്ട്. ഈ സമയത്ത് പാർക്കിൽ വെളിച്ചമില്ലാതിരുന്നതുമൂലം ഇവിടെ വെകിട്ട് എത്തുന്നവർ പെട്ടെന്ന് മടങ്ങുകയായിരുന്നു പതിവ്.
"രണ്ട് ദിവസത്തിനുള്ളിൽ തകരാർ പരിഹരിക്കുകയും പുതിയ ബൾബുകളുംമറ്റും ഇട്ട് പഴയ രീതിയിൽ വെളിച്ചം ലഭ്യമാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും
ആന്റോ ജോസ് പടിഞ്ഞാറേക്കര
നഗരസഭ ചെയർമാൻ"