
ചിങ്ങവനം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലക്കും ഔട്ട് പോസ്റ്റിനുമിടയിൽ എയ്‌സ് വാനിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇടിച്ച് വാൻ ഡ്രൈവർ ചിങ്ങവനം സ്വദേശി മാഹിന് (21) പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം.
ഔട്ട് പോസ്റ്റിന് സമീപമുള്ള ഹോട്ടലിലേക്ക് വെള്ളവുമായി പോകാൻ വാൻ തിരിയുന്നതിനിടെ കോട്ടയം ഭാഗത്തേയ്ക്ക് വന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് നിരങ്ങി നീങ്ങിയ എയ്‌സിൽ തിരുവല്ലയ്ക്ക് പോയ വേണാട് ബസ് വീണ്ടും ഇടിച്ചു. മാഹിനെ ആദ്യം മന്ദിരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്ക് പരിക്കില്ല. ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.