പൊൻകുന്നം: മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് വേനൽ കടുത്തപ്പോൾ ജലസ്രോതസുകൾ വറ്റിത്തുടങ്ങി. മലയോരം കടുത്ത ജലക്ഷാമത്തിലേയ്ക്കാണ് നീങ്ങുന്നത്. കുടിവെള്ള പൈപ്പുകൾ തുറന്നാൽ കാറ്റുമാത്രമേയുള്ളൂ.
എത്ര വലിയ മഴ പെയ്താലും വെള്ളപ്പൊക്കമുണ്ടായാലും രണ്ടാഴ്ച വെയിൽ തെളിഞ്ഞാൽ വറ്റി വരളുകയാണ്. ഡിസംബർ മുതൽ തുടങ്ങുന്ന കടുത്ത വേനൽക്കാലത്തിനൊപ്പംഅടുത്ത ആറുമാസക്കാലം ജലക്ഷാമവും രൂക്ഷമാകുമെന്നുറപ്പായി. പഞ്ചായത്തുകളുടേതായി പ്രാദേശിക കുടിവെള്ള പദ്ധതികളും കരിമ്പുകയം, മണിമല തുടങ്ങിയ വലിയ പദ്ധതികൾ വേറെയുമുണ്ട്. ഇതിനെല്ലാം റോഡ് കുഴിച്ച് പൈപ്പ് ഇട്ടിട്ടുണ്ട്. പൈപ്പുകളെല്ലാം പൊട്ടിത്തകർന്നു. ചിറക്കടവ് ,കാഞ്ഞിരപ്പള്ളി, എലിക്കുളം, വാഴൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം ഒരിക്കലും തീരാത്തതാണ്.
വീടുകളിൽ വെള്ളമില്ല
ജലനിധി,ജലജീവൻ തുടങ്ങി വിവിധ പദ്ധതികളുണ്ടെങ്കിലും വെള്ളമെത്തുന്നത് ഒരു പൈപ്പിലൂടെയാണ്. ഈ പൈപ്പാണ് ഇപ്പോൾ പൊട്ടിയത്. വെള്ളം പമ്പു ചെയ്താൽ വഴിനീളെ ജലധാരയാണ്. ചിറക്കടവ് പഞ്ചായത്തിൽ ഇനിയും പൈപ്പ്കണക്ഷൻ എത്താത്ത വീടുകളിൽ ഉടൻ കണക്ഷൻ എത്തിക്കുമെന്നും മാർച്ചിൽ അതിനുള്ള പണികൾ തുടങ്ങുമെന്നുമായിരുന്നു വാഗ്ദാനമെങ്കിലും ഒന്നും സംഭവിച്ചില്ല.