പൂവരണി. പൂവരണി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെറിറ്റ് ഡേ നാളെ ഉച്ചകഴിഞ്ഞ്
2.30ന് പൂവരണി ഗവ.യു.പി. സ്‌കൂളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് 1500 രൂപ വീതം സ്‌കോളർഷിപ്പും മെമന്റോയും മന്ത്രി വിതരണം ചെയ്യും.ബാങ്ക് പ്രസിഡന്റ്പ്രൊഫ.. എം. എം. എബ്രഹാം മാപ്പിളക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.
കേരള ബാങ്ക് ബോർഡ് മെമ്പർ കെ.ജെ. ഫിലിപ്പ് കുഴികുളം, സഹകരണ ജോയിന്റ് രജിസ്ട്രാർ കോട്ടയം എൻ.അജിത് കുമാർ, ബോർഡ് മെമ്പർമാരായ കെ.ജെ. സാൻ കാവുംപുറം, സിബി മൊളോപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും. ഭരണസമിതിയംഗങ്ങൾ, രക്ഷകർത്താക്കൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ 10 വർഷമായി അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകിവരുന്ന ബാങ്ക് ഈ വർഷവും അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകും. ഇതിനുള്ള ഭരണ സമിതിയുടെ ശുപാർശ പൊതു യോഗം അംഗീകരിച്ചു. കഴിഞ്ഞ വർഷം ബാങ്ക്, കെ.എം. മാണി സ്മാരക ഭവന പദ്ധതി പ്രകാരം പത്ത് വീടുകൾ സൗജന്യമായി നിർമ്മിച്ചു നൽകിയിരുന്നു. ഈ വർഷവും ഭവനപദ്ധതി തുടരുന്നതിനും പുതിയതായി വിവാഹനിധി നിക്ഷേപ പദ്ധതി ആരംഭിക്കുന്നതിനും പൊതുയോഗം തീരുമാനിച്ചു.