പൊൻകുന്നം:കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ ഇടത്താവളങ്ങളിൽ വലിയ ഒരുക്കങ്ങൾ നടത്തിയെങ്കിലും മണ്ഡലകാലത്ത് പ്രതീക്ഷിച്ച രീതിയൽഅയ്യപ്പന്മാർ ഇടത്താവളങ്ങളിൽ എത്തിയില്ല.ചിറക്കടവ് മഹാദേവക്ഷേത്രം,ചെറുവള്ളി ദേവീക്ഷേത്രം,കൊടുങ്ങൂർ ദേവീക്ഷേത്രം എന്നിവയാണ് എരുമേലിക്ക് മുമ്പുള്ള ദേവസ്വംബോർഡ് നിയന്ത്രണത്തിലുള്ള പ്രധാന ഇടത്താവളങ്ങൾ.
ഇതുകൂടാതെ പൊൻകുന്നം പുതിയകാവ് ,മണക്കാട്ട് ഭദ്രാക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലുംവലിയതോതിൽ അയ്യപ്പന്മാരെത്തി വിരിവെച്ച് വിശ്രമിക്കുന്നകേന്ദ്രങ്ങളാണ്.വടക്കൻകേരളത്തിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള ഭക്തരാണ് ഇതുവഴി എത്താറുള്ളത്.എന്നാൽ ഇക്കുറി ഇൻഫർമേഷൻ കൗണ്ടർ,വിശാലമായ പാർക്കിംഗ് സൗകര്യം ,വിരിവെച്ച് വിശ്രമിക്കാൻ നടപ്പന്തൽ,ക്ഷേത്രക്കുളത്തിൽ കുളിക്കാനുള്ള സൗകര്യം തുടങ്ങി എല്ലാം ഒരുക്കിയെങ്കിലും ദർശനത്തിനുപോലും അയ്യന്മാർ എത്തിയില്ലെന്നാണ് മിക്ക ഇടത്താവളങ്ങളിൽനിന്നുമുള്ള വിവരം.വലിയ പ്രതീക്ഷയോടെ തീർത്ഥാടകരെ കാത്തിരുന്ന കച്ചവടക്കാരും നിരാശയിലായി.
വിരിവെയ്ക്കുന്നതിനും മറ്റും പമ്പയിലും സന്നിധാനത്തും നിയന്ത്രണങ്ങളുള്ളതിനാൽ മലകയറി തൊഴുതിറങ്ങക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പന്മാർ എത്തിയത്. അതുകൊണ്ടുതന്നെ ഇടത്താവളങ്ങളും ഒഴിവാക്കി യാത്ര തുടരുകയായിരുന്നു അയ്യപ്പന്മാർ.ഇനിയുള്ള പ്രതീക്ഷ മകരവിളക്ക് കാലത്തിലാണ്.അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ധാരാളം ഭക്തർ കാൽനടയായി എത്തുന്നത് മകരവിളക്കിനാണ്.നടന്നെത്തുന്നവർ വിശ്രമിക്കാൻ ഇടത്താവളങ്ങളിൽതന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് അയ്യപ്പന്മാരെ കാത്തിരിക്കുന്ന ഇടത്താവളങ്ങളും പരിസരത്തുള്ള കച്ചവടക്കാരും.