stant

ബസ് സ്റ്റാൻഡ് കവാടത്തിൽ നാടൻ കലാരൂപങ്ങൾ.


മുണ്ടക്കയം: രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടികൾ കൊണ്ട് നിറഞ്ഞ സ്ഥലമായിരുന്നു മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടം. എന്നാൽ അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. പഴയതെല്ലാം പൊളിച്ചുമാറ്റി പുതിയതായി ഡിവൈഡർ നിർമ്മിച്ച് അതിൽ വിവിധ ഇനം ചെടികളും നട്ടുപിടിപ്പിച്ചു. കലാ ചാരുതയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചുവർചിത്രങ്ങൾ നിറഞ്ഞിരിക്കുകയാണ് ഇവിടെ. ആര് കണ്ടാലും ഒന്ന് നോക്കി നിൽക്കും. അതിമനോഹരമാണ് ഈ കാഴ്ചകൾ.

കേരളത്തനിമയുടെ നാടൻ കലാരൂപങ്ങളായ കഥകളി, കുച്ചിപ്പുടി, ഭാരതനാട്യം, കളരിപ്പയറ്റ് തുടങ്ങി എല്ലാ കലാരൂപങ്ങളും ഇവിടെയുണ്ട്.

കലാദേവി സാംസ്കാരിക സമിതിയുടെ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ചുവർചിത്ര കലാകാരനായ മുരളിയാണ് മനോഹരമായ ഈ ചിത്രങ്ങൾ വരച്ചത്. നിരവധി സ്ഥാപനങ്ങളിലും വീടുകളിലും, പൊതുസ്ഥലങ്ങളിലുമെല്ലാം മുരളി മുമ്പും കേരള സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളുടെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയമായിട്ടുണ്ട്. ഡിവൈഡറുകളുടെ മദ്ധ്യഭാഗത്തായി മനോഹരമായ പൂച്ചെടികളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇതിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. എല്ലാ ദിവസവും വീടുകളിൽ നിന്നും വെള്ളം എത്തിച്ച് നനച്ച് പരിപാലിക്കുന്നതും ഇവരാണ്. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ പറഞ്ഞു.

വിശ്രമിക്കാൻ

ഇടം നൽകി

ബസ് സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്തായി യാത്രക്കാർക്ക് തണലേകുന്ന കൂറ്റൻ ആൽമരത്തിനു സംരക്ഷണമൊരുക്കി. ആൽമരത്തിന് ചുറ്റുമതിൽ നിർമ്മിക്കുകയും, ടൈൽ പാകി യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കുകയും ചെയ്തു. നിരവധി യാത്രക്കാർക്ക് ആണ് ഇതിന് ഗുണം ലഭിക്കുന്നത്. ഒരുകാലത്ത് ഈ മരം വെട്ടിക്കളയാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇവിടെയും ഔഷധച്ചെടികളും പൂച്ചെടികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പൊലീസ് സ്റ്റേഷന് സമീപമായി ചിൽഡ്രൻസ് പാർക്ക് അടക്കം നിരവധി വികസന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്.