
കങ്ങഴ: ഭാരവാഹനങ്ങളുടെ ഓട്ടവും പൈപ്പുപൊട്ടലും പതിവായതോടെ കലുങ്ക് അപകടാവസ്ഥയിലായി. കങ്ങഴ പഞ്ചായത്തിലെ ശ്രായിപ്പള്ളി- എബ്രാണ്ടിപ്പടി റോഡിലെ ശ്രായിപ്പള്ളി കലുങ്കാണ് അപകടാവസ്ഥയിലുള്ളത്. കലുങ്കിനോട് ചേർന്നുള്ള റോഡിന്റെ ഒരുവശം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.
മുൻപ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇവിടെ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതിന് മുകളിലൂടെ ടിപ്പർ ലോറിയടക്കം വലിയ വാഹനങ്ങൾ കയറിയിറങ്ങിയതോടെയാണ് ടാറിംഗ് വിണ്ടുകീറി ഗർത്തം രൂപപ്പെട്ടത്. ഗതാഗതം നിരോധിച്ചിട്ടില്ലാത്തതിനാൽ കലുങ്ക് കൂടുതൽ അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. കലുങ്കിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.