ഏഴാച്ചേരി: വഴി വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചപ്പോൾ രാത്രിയാത്രക്കാർ തപ്പിത്തടഞ്ഞു. ഒഴയ്ക്കാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനും കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനും വഴിയിൽ വെളിച്ചം ഉണ്ടായിരുന്നില്ല. രാമപുരം പഞ്ചായത്തുകാർ ലക്ഷങ്ങൾ മുടക്കി നാടെങ്ങും തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും കത്തുന്നവയുടെ എണ്ണം തുലോം കുറവ് !

ബാങ്ക് ജംഗ്ഷൻ മുതൽ അന്ത്യാളം വരെയുള്ള ലൈൻവലിക്കൽ ''രാഷ്ട്രീയവലികളിലും'' കുടുങ്ങിയിരുന്നു. ആദ്യം ഒരു രാഷ്ട്രീയപാർട്ടിയുടെ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പോസ്റ്റുകളും ബൾബുകളും ഇട്ടു. എന്നൽ രണ്ട് ദിവസത്തിനുള്ളിൽ ഇത് നിയമപ്രകാരമുള്ള ലൈൻ വലിക്കൽ അല്ലെന്ന് പറഞ്ഞ് അഴിച്ചുമാറ്റേണ്ടി വന്നു. പിന്നീട് മറ്റൊരു കൂട്ടരാണ് തെരുവുവിളക്ക് സ്ഥാപിക്കലുമായി മുന്നോട്ടു വന്നത്. ഊർജ്ജിതമായി തെരുവുവിളക്ക് സ്ഥാപിക്കുകയും ഇത് തെളിക്കുകയും ചെയ്തിരുന്നു. എന്നാൽ മെയിന്റനൻസ് പണികൾ യഥാസമയം നടത്താൻ കഴിഞ്ഞില്ല.
തെരുവുവിളക്കുകൾ കണ്ണടച്ചതോടെ രാത്രികാല യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായി. ഒഴയ്ക്കാട് ദേവീക്ഷേത്രത്തിലും കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലും ദീപാരാധനയ്ക്കും ഭജനയ്ക്കും പോയിവന്നിരുന്ന സത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക് വഴിയിൽ വെളിച്ചമില്ലാത്തത് ദുരിതമായി .
ഇതേ തുടർന്ന് ഏഴാച്ചേരി പൗരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികളെ കണ്ട് വിവരമറിയിച്ചു. രണ്ട് ക്ഷേത്രങ്ങളിലെയും ഉത്സവനാളുകൾക്ക് മുമ്പെങ്കിലും വഴിവിളക്ക് തെളിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ചില സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികാരികൾ കൈമലർത്തി, ഒരു നാട് ഇരുട്ടിലുമായി.
ഉത്സവകാലഘട്ടത്തിൽ പോലും വഴിവിളക്കുകൾ തെളിയിക്കാൻ നടപടി സ്വീകരിക്കാതെ അനാസ്ഥ കാണിച്ച രാമപുരം പഞ്ചായത്ത് അധികാരികളുടെ നടപടിയിൽ ഏഴാച്ചേരി പൗരസമിതി പ്രതിഷേധം രേഖപ്പെടുത്തി. കൺവീനർ സുരേഷ് ലക്ഷ്മിനിവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസന്നൻ കാട്ടുകുന്നത്ത്, ഗോപകുമാർ അമ്പാട്ടുവടക്കേതിൽ, സുജിത് കുമാർ വടക്കേതൊട്ടിയിൽ, സുനിൽ ഭദ്രവിലാസം, ബാബു വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.

ബൾബുണ്ട് കത്തില്ല

ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നിന്നും അന്ത്യാളം വരെയുള്ള തെരുവുവിളക്കുകളിൽ ഒന്നുപോലും കത്തുന്നില്ല. പോസ്റ്റുകളും ബൾബുകളും അനാഥപ്രേതം പോലെ തൂങ്ങിനിൽക്കുകയാണ്.

ഏഴാച്ചേരി ഹോമിയോ ജംഗ്ഷനിലെ തെരുവുവിളക്കുകളുടെ കാര്യവും ഇതേ നിലയിലാണ്. ബൾബുകൾ ഇട്ട് മൂന്ന് മാസം കഷ്ടിച്ച് ഇവിടെങ്ങളിലെല്ലാം വെളിച്ചം പരന്നു. നാട്ടുകാർക്ക് സന്തോഷവുമായി. പക്ഷേ നാലാം മാസം ഈ സന്തോഷം കെട്ടടങ്ങി. അതിൽപിന്നെ ഒരു ബൾബുകളും കത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.


ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നം

പരിഹരിക്കും പഞ്ചാ. പ്രസിഡന്റ്

ഏഴാച്ചേരി ഉൾപ്പെടെ രാമപുരം പഞ്ചായത്തിലെ വിവിധ മേഖലകളിൽ വഴിവിളക്കുകൾ തെളിയിക്കുന്നതിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവ പരിഹരിക്കാൻ കഴിയുമെന്നും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു.
വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി മാത്രം ഒൻപത് ലക്ഷത്തോളം രൂപാ നീക്കിവച്ചിട്ടുണ്ട്. പഞ്ചായത്തിൽ പുതിയ സെക്രട്ടറി അടുത്തിടയാണ് ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ ഡിജിറ്റൽ ഒപ്പുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ കാലതാമസം നേരിട്ടത്. ഇന്നലെ ഇത് പരിഹരിച്ചിട്ടുണ്ട്. ഇനി ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വഴിവിളക്കും തെളിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.