അടിമാലി: ഹൈറേഞ്ചിലെ കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകി കുരുമുളക് വില ഉയരുന്നു. 460 രൂപയ്ക്ക് മുകളിലാണ് കറുത്തപൊന്നിന് ഇപ്പോഴുള്ള ശരാശരി വിപണി വില. വില വർദ്ധനവുണ്ടെങ്കിലും രോഗബാധയും മുൻകാലങ്ങളിലെ വിലയിടിവും മൂലം ഒരു വിഭാഗം കർഷകർ കുരുമുളക് കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത് ഹൈറേഞ്ചിൽ കറുത്ത പൊന്നിന്റെ ഉത്പാദനക്കുറവിന് ഇടവരുത്തിയിട്ടുണ്ട്. നേരത്തെ വിലയിടിവിനെ തുടർന്ന് കർഷകരിൽ ചിലർ കുരുമുളക് കൃഷിയിൽ നിന്ന് പിൻവാങ്ങി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. കുരുമുളകിന് ഇപ്പോൾ ലഭിക്കുന്ന ഉയർന്ന വില പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വിളവെടുപ്പ് കാലമാകുമ്പോൾ വീണ്ടും വിലയിടിയുമോയെന്ന ആശങ്കയും കർഷകരിൽ ചിലർ പങ്ക് വയ്ക്കുന്നുണ്ട്. കർഷകരിൽ ചിലർ കുരുമുളക് കൃഷിയിൽ നിന്ന് പിൻമാറിയതിനൊപ്പം രോഗബാധ മൂലം കുരുമുളക് ചെടികൾ വലിയ തോതിൽ നശിച്ച് പോയതും ഉത്പാദനത്തിൽ ഗണ്യമായ കുറവ് വരുത്താൻ ഇടവരുത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും അഴുകൽരോഗവും ഇലപ്പുള്ളി രോഗവുമൊക്കെയാണ് പ്രധാന വില്ലൻ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏലത്തിന് ലഭിച്ച ഉയർന്ന വിലയും കർഷകരിൽ ചിലർ കുരുമുളക് കൃഷി കൈവിടാൻ ഇടവരുത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണിവില അഞ്ഞൂറിലേക്കെത്തിയേക്കാമെന്ന പ്രതീക്ഷയിലാണ് കുരുമുളക് കർഷകരും വ്യാപാരികളും.
700 വരെ കിട്ടിയിട്ടുണ്ട്
വർഷങ്ങൾക്ക് മുമ്പ് 700 രൂപ വരെ കുരുമുളകിന് വില ലഭിച്ചിരുന്നു. പിന്നീട് വില കുത്തനെ കൂപ്പുകുത്തുകയും 300 രൂപയ്ക്ക് താഴെ എത്തുകയും ചെയ്തുശേഷം കുറച്ചു നാളുകളായി 300ന് മുകളിലായിരുന്നു കുരുമുളകിന് ലഭിച്ച് വന്നിരുന്ന ശരാശരി വിപണി വില. ഇതിന് ശേഷമാണിപ്പോൾ വീണ്ടും കുരുമുളകിന് വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്.