കോട്ടയം: പുതുവർഷത്തിലെങ്കിലും റോഡുകൾ സഞ്ചാരയോഗ്യമാകുമോയെന്നും ഗതാഗതക്കുരുക്കിന് ശാപമോക്ഷമാകുമോയെന്നുമാണ് പൊതുജനങ്ങളുടെ ചോദ്യം. നഗര-ഗ്രാമം എന്ന വ്യത്യാസമില്ലാതെയാണ് കുഴിയും കുരുക്കും. നഗരത്തിലേയ്ക്ക് ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. റോഡിലെ കുഴിയും കുരുക്കും യാത്രക്കാർക്ക് വിലങ്ങ് തടിയാകുന്നതാണ് പതിവ്. കുഴികളിൽ അകപ്പെട്ട് നിരവധി വാഹനാപകടങ്ങളും മരണങ്ങളും പതിവാണ്.
കുഴികൾ,
നഗരമധ്യത്തിൽ മാർക്കറ്റ് റോഡ്, തിയേറ്റർ റോഡ്, എം.സി റോഡ്, കളക്ട്രേറ്റ് റോഡ്, കഞ്ഞിക്കുഴി ജംഗ്ഷൻ, കഞ്ഞിക്കുഴി പാലം, റെയിൽവേ റോഡ്, നാഗമ്പടം റോഡ്, ദേവലോകം റോഡ് എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിൽ, വടവാതൂർ, മണർകാട്, അരീപ്പറമ്പ്, കൂരോപ്പട, ളാക്കാട്ടൂർ, പള്ളിക്കത്തോട്, പാറമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, ഏറ്റുമാനൂർ, കുറവിലങ്ങാട്, ചിങ്ങവനം, പാക്കിൽ, സംക്രാന്തി, മെഡിക്കൽ കോളേജ് റോഡ്, ഗാന്ധിനഗർ, ചുങ്കം, അയ്മനം, താഴത്തങ്ങാടി തുടങ്ങി റോഡുകളിലാണ് ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ട് റോഡുകൾ തകർന്നു കിടക്കുന്നത്.
ഗതാഗതക്കുരുക്ക്,
കളക്ട്രേറ്റ്പടി, കഞ്ഞിക്കുഴി, മാർക്കറ്റ് റോഡ്, ബേക്കർ ജംഗ്ഷൻ, മണർകാട്, കോളേജ് റോഡ്, എസ്.എച്ച് റോഡ്, ഏറ്റുമാനൂർ റോഡ്, ചിങ്ങവനം, മണിിപ്പുഴ കോടിമത റോഡ്, സിമന്റ് കവല, പുതുപ്പള്ളി, അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ഗതാഗതക്കുരുക്ക്. കളക്ട്രേറ്റ് പടി മുതൽ കഞ്ഞിക്കുഴി വരെയും, തിരുനക്കര മുതൽ ബേക്കർ ജംഗ്ഷൻ വരെയും കുരുക്ക് മണിക്കൂറോളം നീളും.
വെളിച്ചമില്ല,
റോഡുകളിൽ വെളിച്ചമില്ലാത്തതാണ് പല അപകടങ്ങൾക്കും കാരണം. നഗര-ഗ്രാമ പരിധിയിൽ ഉൾപ്പെടെ റോഡുകളിൽ വഴിലൈറ്റുകൾ ഉണ്ടെങ്കിലും കത്താറില്ല. സോളാർ ലൈറ്റുകൾ ഉൾപ്പെടെ പലതും നോക്കുകുത്തിയാകുകയാണ്. ബസ് സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പ്, തിരുനക്കര മൈതാനം, തിയേറ്റർ റോഡ്, ശാസ്ത്രി റോഡ്, ലോഗോസ്, ഇടറോഡുകൾ എന്നിവിടങ്ങളെല്ലാം ഇരുട്ടിലാണ്.
-------
"ടൗണിലേക്കോ, കഞ്ഞിക്കുഴിയിലേക്കോ എത്തിപ്പെടണമെങ്കിൽ മണിക്കൂറോളം കഞ്ഞിക്കുഴിയിലെ കുരുക്കിൽ കാത്ത് നിൽക്കണം. കുരുക്ക് മൂലം കഞ്ഞിക്കുഴി പാലത്തിന് സമീപം ഇറങ്ങിയശേഷം, കാൽനടയായി പോകുകയാണ്
. ( പ്രിറ്റിമോൾ തോമസ് മണർകാട്).
"നഗര മദ്ധ്യത്തിൽ സംഘടനകളുടെയോ, രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടി നടന്നാൽ അന്നത്തെ ദിവസം കളക്ട്‌ട്രേറ്റ് ഭാഗം ബേക്കർ ജംഗ്ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിരയാകും. വിശേഷദിവസങ്ങളിലെ തിരക്ക് ഇരട്ടിയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിൽ ഇടം കണ്ടുപിടിക്കണം. (അജോമോൻ, കോട്ടയം)