പൊൻകുന്നം:പാറത്തോട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ യൂണിയൻ തൊഴിലാളികളുടെഅനാവശ്യ ഇടപെടൽ മൂലം തടസ്സപ്പെടുന്നതായി കരാറുകാരുടെ പരാതി.ഇതിനെതിരെ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് കാഞ്ഞിരപ്പള്ളി ഗവ.കോൺട്രാക്‌ററേഴ്‌സ് അസോസിയേഷൻ.
പാറത്തോട് പഞ്ചായത്തിലെ തുരുത്തിപ്പടവ് പാറാപ്പടിറോഡ് നിർമ്മാണം കഴിഞ്ഞദിവസം തൊഴിലാളികൾ തടഞ്ഞതോടെയാണ് അസോസിയേഷൻ കടുത്ത തീരുമാനമെടുത്തത്.റോഡ്പണി നിറുത്തിവെയ്ക്കുന്നതായും ഇതുമൂലം 30000 രൂപയുടെ നഷ്ടം ഉണ്ടായതായും അസോസിയേഷൻഭാരവാഹിയായ ടോമിജോസഫ് പറഞ്ഞു.പണി തടഞ്ഞ തൊഴിലാളികളിൽ നിന്നും നഷ്ടം ഈടാക്കിതരണമെന്നും പണി തുടരുന്നതിന് ആവശ്യമായ നടപടികൾ ചെയ്തുതരണമെന്നും ആവശ്യപ്പെട്ട് ടോമിജോസഫ് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി.അതേസമയം പാറത്തോട് പഞ്ചായത്തിലുള്ള തൊഴിലാളികൾക്ക് പണി നൽകുന്നില്ലെന്നും പുറത്തുനിന്നുള്ള തൊഴിലാളികലാണ് പണിയെടുക്കുന്നതെന്നും തൊഴിലാളികൾ ആരോപിച്ചു.തങ്ങൾക്കുകൂടി തൊഴിൽ നൽകണം എന്നാണ് അവരുടെ ആവശ്യം.
നിലവിലുള്ള കൂലിക്ക് ജോലി ചെയ്യാൻ തയ്യാറായാൽ യൂണിയൻതൊഴിലാലികൾക്ക് പണികൊടുക്കുന്നതിന് തങ്ങൾ എതിരല്ലെന്ന് കോൺട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ പറയുന്നു.മേസ്തിരിക്ക് 1000രൂപയും മൈക്കാടിന് 800രൂപയുമാണ് നിലവിലുള്ള കൂലി.ഈ കൂലികൊടുക്കാൻ തങ്ങൾ തയ്യാറാണ്.എന്നാൽ ഇതിനു സമ്മതിക്കാതെ പണി മുഴുവൻ ഉടമ്പടിക്ക് കൊടുക്കണമെന്നാണ് തൊഴിലാളിയുണിയൻ ആവശ്യപ്പെടുന്നത്.ഇങ്ങനെ മറ്റൊരു ഏജൻസിക്ക് പണി കൊടുക്കാൻപാടില്ലെന്നാണ് പൊതുമരാമത്തുമായുള്ള വ്യവസ്ഥയെന്നും തൊഴിലാളിയൂണിയന്റെ ഇടപെടൽമൂലം കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ ജോലികളും നിറുത്തിവെയ്ക്കുകയാണെന്നും ഗവ.കോൺട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.