bipas

പാലാ: പാലാ ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്‌നത്തിനു ശ്വാശ്വത പരിഹാരമായി. ബൈപാസ് പൂർത്തീകരണത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽഉണ്ടായിരുന്ന കെട്ടിടങ്ങളും മണ്ണും നീക്കി. ഇതോടെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. പഴയ റോഡിന്റെയും ഏറ്റെടുത്ത സ്ഥലത്തിന്റെയും നടുവിൽ നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി ടാറിംഗ് നടത്തുന്നതോടെ ഇവിടം ഗതാഗതത്തിനു പൂർണ്ണ സജ്ജമാകും.

പാലാ ബൈപാസ് നേരത്തെ യാഥാർത്ഥ്യമായെങ്കിലും ളാലം പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കലിലെ അപാകത മൂലം കുപ്പി കഴുത്ത് മാതൃകയിൽ റോഡ് മാറുകയായിരുന്നു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമായി. ബൈപാസിന്റെ പൊതുവിലുള്ള ഗതാഗത ക്കുരുക്കിനും ഈ ഭാഗത്തെ പ്രശ്‌നം പലപ്പോഴും കാരണമായി.

ചുവപ്പ് നാടയിൽ

കുരുങ്ങി

സ്ഥലമേറ്റെടുത്തപ്പോൾ വില നിശ്ചയിച്ചതിലെ അപാകതകളെത്തുടർന്നു 13 കുടുംബങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ബൈപാസ് പൂർത്തീകരണം അനിശ്ചിതത്വത്തിലായി. പിന്നീട് നടപടികളൊന്നുമില്ലാതെ വർഷങ്ങളോളം ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു.

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ തിരഞ്ഞെടുക്കപ്പെട്ടതോടെ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയായിരുന്നു. തുടർന്ന് 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

പത്തുകോടി

അനുവദിച്ചു

വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഓഗസ്റ്റിൽ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാന്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാന്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാന്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.