കോട്ടയം:ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിധവാ വയോജന ക്ഷേമസംഘത്തിന്റെ നേതൃത്വത്തിൽ കലക്‌ട്രേറ്റിന് മുന്നിൽ ധർണ നടത്തും. 5ന് രാവിലെ 10.30ന് നടക്കുന്ന ധർണ ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഓമന രാജൻ അദ്ധ്യക്ഷത വഹിക്കും. വിധവകൾക്കുള്ള ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മൂന്നുമുന്നണികളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നടപടിയൊന്നുമുണ്ടായില്ല. ഇടതുമുന്നണി 2500 രൂപയായി തുക ഉയർത്തുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ വാഗ്ദാനം പാലിക്കാൻ ഇവർ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭമെന്നും അടുത്തഘട്ടമായി എല്ലാ ജില്ലകളിലും ധർണകൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. നിലവിൽ 1600 രൂപയാണ് പെൻഷൻ. ഇത് 5000 മായി ഉയർത്തണം. വിധവകൾക്ക് പി.എസ്.സി നിയമനങ്ങളിൽ 10 ശതമാനം സംവരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ആപ്പാഞ്ചിറ പൊന്നപ്പൻ, ഫ്രാൻസിസ് സംക്രാന്തി, ജേക്കബ് ഏറ്റുമാനൂർ, പത്മാക്ഷി രാഘവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.