
അരുണാചലിന്റെ ഹൃദയത്തിലൂടെ അനുഭവങ്ങൾ പകർന്ന യാത്ര
അസാമിന്റെ തേയില പട്ടണമായ ഡിബ്രുഗഡിൽ നിന്നും അരുണാചലിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പരശുറാം കുണ്ഡിലേക്കുള്ള യാത്ര ഉത്കണ്ഠയും വിസ്മയവും നിറഞ്ഞതായിരുന്നു. ഡിബ്രുഗഡിലെ നഗരപ്രാന്തങ്ങളെ വെടിഞ്ഞ് ടിൻസുകിയയുടെ തേയിലത്തോട്ടങ്ങളുടെ സമതല ഹരിതഛായകളിലൂടെയായിരുന്നു യാത്ര. മൂന്നാറിലെ തേയിലക്കുന്നുകളുടെ മാദകലാവണ്യം ശീലിച്ചിട്ടുള്ളവർക്ക് ഈ തേയിലപ്പാടങ്ങൾ കൗതുകക്കാഴ്ചയാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ഹരിതച്ഛായകൾ പുലരിവെട്ടത്തിലും ഉച്ചവെയിലിലും അന്തിപ്പൊൻ വെട്ടത്തിലും മാറിമാറി വരുന്ന ദിനപ്പകർച്ചകൾ ഹൃദ്യമാണ്. തോട്ടങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ടാണ് റോഡും സമാന്തരമായി റെയിൽപ്പാതയും. വല്ലപ്പോഴും വരുന്ന പാസഞ്ചർ ട്രെയിനുകളെ കാര്യമായി ഗൗനിക്കാത്ത വിധം കുട്ടികളും ഗ്രാമീണരും നിരന്തരം റെയിൽപ്പാത മുറിച്ചുകടക്കുന്നതുകാണാം. സൈക്കിളും ബൈക്കും ഇടക്ക് കാറുകൾ പോലും ഈ സാഹസികതയ്ക്ക് കൂട്ടുകൂടുന്നുണ്ട്. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന റെയിൽവേ സ്റ്റേഷനുകൾ അവയുടെ ബോർഡുകൾ കൊണ്ടുമാത്രമാണ് വേറിട്ടുനിൽക്കുന്നത്. മേൽക്കൂരയോ ഇരിപ്പിടങ്ങളോ പോലുമില്ലാത്ത അവയുടെ ഉദാസീനതയും ശോചനീയതയും അത്രയ്ക്കുണ്ട്. റെയിൽവേയുടെ ഈ കൊച്ച് ഇടത്താവളങ്ങളിൽ നിലത്ത് പടിഞ്ഞിരിക്കുന്ന യാത്രക്കാരുടെ മ്ലാനതയാർന്ന മുഖങ്ങൾക്കും തെരുവോരങ്ങളിലെ ഉദാസീനമായ അങ്ങാടികൾക്കും ഏറെക്കുറെ ഒരേ മുഖഛായ.
തേയിലത്തോട്ടങ്ങളുടെ ചെറുപട്ടണമായ ടിൻസുകിയയെ വെടിഞ്ഞ് ഞങ്ങൾ അരുണാചൽ അതിർത്തിയിലേക്ക് കുതിച്ചു. വീണ്ടും വിശാലമായ നെൽവയലുകളും ജനബാഹുല്യം തീരെയില്ലാത്ത മുളങ്കാടുകൾ നിറഞ്ഞ തുരുത്തുകളും. എല്ലാവരുടേയും തിരിച്ചറിയൽ കാർഡുകൾ എടുത്തുവയ്ക്കാൻ ഡ്രൈവർ ഗോപാൽ നായിക്ക് മുന്നറിയിപ്പ് തന്നു. അരുണാചൽ ചെക്ക് പോസ്റ്റിൽ നിന്ന് പ്രത്യേക സന്ദർശനാനുമതി നേടണം. നമ്മുടെ വാളയാറിലും മഞ്ചേശ്വരത്തുമുള്ള ചെക്ക് പോസ്റ്റുകളിലെ നീണ്ടക്യൂവും വാഹനവ്യൂഹവും കൈക്കൂലിയുമൊന്നും ഇവിടെയില്ല.
നാംസായിയാണ് അരുണാചലിലെ ആദ്യപട്ടണം. റോഡരുകിൽ തന്നെ അവിടുത്തെ സ്വകാര്യ കാർഷിക സർവകലാശാല കാണാം. കാർഷിക യൂണിവേഴ്സിറ്റിക്ക് ഇണങ്ങും വിധമുള്ള കാർഷിക പ്രകൃതിയാണ് നാംസിയായിലേത്. റോഡിനിരുപുറങ്ങളിലും നെല്ലും വാഴയും പച്ചക്കറി കൃഷിയും. വൃത്തിയും വെടിപ്പുമുള്ള പാതയോരങ്ങൾ.
ടിസുവിൽ നിന്ന് പ്രധാന ദേശീയപാതവിട്ട് ഇടുങ്ങിയ കാനന പാതയിലേക്ക് തിരിഞ്ഞു. വീതികുറവെങ്കിലും നല്ല വഴി. മനുഷ്യരുടെയും വാഹനങ്ങളുടെയും സാന്നിദ്ധ്യം ക്രമേണ കുറഞ്ഞുവന്നു. തെരുവോരങ്ങളിൽ ചില ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും കണ്ടു. നിർജ്ജനപാത. കാംലാങ്ങ് റിസർവ് വനത്തിലൂടെയാണ് ഇനിയുള്ള യാത്ര. എങ്കിലും വന്യത തീരെ അനുഭവപ്പെടുന്നില്ല. ഇരുവശവും ചെറിയ കാനനഛായകൾ. ഇടക്കിടെ മലഞ്ചെരിവുകളിൽ തിങ്ങിനിറഞ്ഞ് കാട്ടുവാഴകളുടെ 'കദളീവനം". വാഴത്തോട്ടങ്ങളല്ലാതെ വന്യമായ വാഴക്കാടുകൾ ആദ്യാനുഭവമാണ്. ഇടയ്ക്കിടെ റോഡിനിരുപുറവും ആയുധമേന്തിയ പട്ടാളക്കാരുടെ ഏകാന്തകാവൽ കാണാം. അവരും തങ്ങളുടെ മൊബൈലിൽ ഏകാന്തതയെ നേരിടുകയാണ്.
ഇപ്പോൾ കാനന മദ്ധ്യത്തിലൂടെ ഒരു നേർരേഖ പോലെ സമതല പാത. കുറച്ചുമുന്നോട്ട് ചെന്നപ്പോൾ ഡ്രൈവർ ഗോപാൽ പെട്ടെന്ന് വാഹനം മന്ദഗതിയിലാക്കി മുന്നോട്ട് കൈചൂണ്ടി. നടുറോഡിൽ പൂമ്പാറ്റകളുടെ സംസ്ഥാന സമ്മേളനം. നൂറുകണക്കിന് ശലഭങ്ങൾ ആ പാതയുടെ നിർജനതയെ തങ്ങളുടെ സംഘനൃത്തത്തിലൂടെ ആഘോഷിക്കുന്നു. കുറെയായി പാതയോരത്തെ ചെറിയ കമ്മൽപൂക്കളുള്ള കാട്ടുചെടിയുടെ സാന്നിദ്ധ്യവും ശലഭനൃത്തങ്ങളും തുടങ്ങിയിട്ട്. എങ്കിലും ടാറിട്ട നടുറോഡിന്റെ നെഞ്ചിലെ ഈ ശലഭവിനോദം അപൂർവം തന്നെ.

ഇടയ്ക്ക് ചില ചെറിയ ജനവാസതുരുത്തുകൾ കാണായി. ഇന്ത്യയിലെവിടെയും ഏത് ആളൊഴിഞ്ഞ ഗ്രാമീണ ഓണംകേറാമൂലയിലും പാതയോരങ്ങളിൽ മുതൽ മഹാനഗരങ്ങളിൽ വരെ ഈ നിറമാലകളുടെ സാന്നിദ്ധ്യം മാറ്റമില്ലാതെ കാണാം. മനുഷ്യവാസത്തിന്റെ ഏറ്റവും പുതിയ ഭക്ഷ്യവാസനകളെ അടയാളപ്പെടുത്തിക്കൊണ്ട്. ഭക്ഷണസാമഗ്രികളുടെ സാന്നിദ്ധ്യം അറിഞ്ഞതോടെ സമയബോധവും വിശപ്പും ഉണർന്നു. അരമണിക്കൂർ കൊണ്ട് നമ്മൾ പരശുറാം കുണ്ഡിലെത്തും.അവിടെ ഭക്ഷണം...ഡ്രൈവർ പറഞ്ഞു.
മുതുകത്ത് പേറുന്ന തുണിത്തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞും മറ്റൊരു ചെറിയ പെൺകുട്ടിയെ കൈപിടിച്ചും തെരുവോരത്ത് പ്രത്യക്ഷപ്പെട്ട യുവതിയായ ഒരമ്മയുടെ ദൃശ്യം കൗതുകമുണർത്തുന്നതായിരുന്നു. സൗമനസ്യത്തോടെ അവർ ഒരു ഫോട്ടോക്കായി ഞങ്ങളെ അനുവദിച്ചു. അവരോട് കുശലവും നന്ദിയും പറഞ്ഞ് ഞങ്ങൾ നീങ്ങി.
ഒരു റസ്റ്റോറന്റും മൂന്നുനാല് കടകളും ഉള്ള വൃത്തിയുള്ള ഒരു തുറസായ അങ്ങാടിയാണ് പരശുറാം കുണ്ടിന്റെ കവാടം. ഹിമാലയ റസ്റ്റോറന്റിനു മുന്നിൽ ഗോപാൽ വണ്ടിയൊതുക്കി. മുന്നിലെ വരാന്തയിലെ ബഞ്ചിൽ നിർമ്മമമായ മുഖത്തോടെ ഒരു മധ്യവയസ്കനും തൊട്ടുതാഴെ ആശ്രിതത്വത്തോടെ ഒരു പട്ടിയും. രണ്ടുപേരിലും ഞങ്ങളുടെ സാമീപ്യം ഭാവഭേദങ്ങളൊന്നും ഉളവാക്കിയില്ല. ഉന്മേഷവതിയായ ഒരു യുവതിയാണ് മാനേജർ. അത്യാവശ്യം ഇംഗ്ലീഷും പറയും. മുൻവശത്തെ ഹാളിനു പിറകിൽ ഇരുപുറവുമായി രണ്ട് ചെറിയ അടുക്കളകൾ. അതിനും പുറകിൽ ബഹുവർണ പട്ടുവസ്ത്രത്താൽ അച്ഛാദിതമായ വാതിലിന് മുകളിൽ ബൗദ്ധികാരാധനയുമായി ബന്ധപ്പെട്ട ശ്രീചക്രം പോലൊന്ന്. അതായിരിക്കാം അവരുടെ വാസസ്ഥലം.
പ്രീഡിഗ്രിവരെ പഠിച്ചിട്ടുള്ള ഹോട്ടൽ നടത്തിപ്പുകാരിയുടെ പേര് പാമ്ലു.കൊച്ചിക്കാരിയായ തന്റെ സഹപാഠിയെക്കുറിച്ച് പാമ്ലു പറഞ്ഞു. രണ്ടുമൂന്ന് കൗമാരക്കാരായ ആൺകുട്ടികളും സഹായത്തിനുണ്ട്. ക്യാഷ് കൗണ്ടറിലും അടുക്കളയിലും പാമ്ലു തന്നെ ഭരണം. നല്ല മിടുക്കും ഔചിത്യവും ആതിഥേയമര്യാദയുമുള്ള കുട്ടി. കാട്ടിലൂടെ നദിയിലേക്കിറങ്ങാനുള്ള ഇടുങ്ങിയ കല്പടവുകളുടെ ഇരുവശവും ഇരുമ്പുപൈപ്പുകൾ കൊണ്ടുള്ള കൈപ്പിടികൾ സൗകര്യപ്രദമാണ്, മുന്നൂറിലേറെ പടവുകളുണ്ട്.ഞങ്ങൾ താഴോട്ടിറങ്ങുമ്പോൾ ചെറുപ്പക്കാരായ ഒരു സംഘം കാഴ്ചകൾ കണ്ട് മടങ്ങിക്കയറിവരുന്നുണ്ടായിരുന്നു. ഇടയിൽ ഏകാന്തനായ ഒരു സന്യാസിയേയും കണ്ടു. ചുറ്റും രുദ്രാക്ഷമരങ്ങൾ. ചെറിയ നീരൊഴുക്കുകൾ. കുറെ പടവുകൾ ഇറങ്ങിചെന്നതോടെ കാടിന്റെ നിമന്ത്രണങ്ങൾ പുഴയുടെ സീൽക്കാരങ്ങൾക്ക് വഴിമാറി. കുതിച്ചൊഴുകുന്ന നദിയുടെ ആരവം ശക്തിപ്രാപിക്കാൻ തുടങ്ങി. കാട്ടിന്നിടയിലുള്ള ചില വീക്ഷണസ്ഥാനങ്ങൾ നദിയുടെ പാർശ്വദർശനങ്ങൾ നൽകിക്കൊണ്ടിരുന്നു.
പിതാവായ ജമദഗ്നിയുടെ ആജ്ഞപ്രകാരം മാതാവായ രേണുകയെ വധിച്ചശേഷം പരശുരാമൻ രക്തം പുരണ്ട കൈകഴുകിയത് ഇവിടെയാണത്രെ. മാതൃഹത്യയ്ക്കുശേഷം മഴു കൈയിൽ ഉറച്ചുപോയി. അമ്മയെ തിരിച്ചുകിട്ടിയിട്ടും കൈയിൽ നിന്നും മഴു വേർപെടുത്താനായില്ല. ഋഷിവര്യന്മാരുടെ നിർദ്ദേശപ്രകാരം ലോഹിത നദിയിൽ കൈകഴുകുകയും അവിടം പരശുറാം കുണ്ഡെന്ന പുണ്യതീർത്ഥമായി പരിണമിക്കുകയും ചെയ്തുവത്രെ.
1950ൽ അസാമിനെയും അരുണാചലിനെയും കീഴ്മേൽ മറിച്ച ഭൂകമ്പത്തിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പരശുറാം കുണ്ഡല്ല ഇന്നു കാണുന്നത്. ശക്തമായ നദീപ്രവാഹത്തിലുണ്ടായ ചുഴിയിൽ നിന്നും അതേ സ്ഥാനത്ത് മറ്റൊരു കുണ്ഡ് രൂപപ്പെട്ടിരിക്കുന്നു. ഇവിടം ബ്രഹ്മകുണ്ഡ് എന്ന നിലയിലും പ്രസിദ്ധമാണ്. മകരസംക്രാന്തി ദിവസം ലക്ഷക്കണക്കിന് ഭക്തരും സന്യാസിമാരും പുണ്യസ്നാനത്തിനായി എത്തിച്ചേരുന്നു. അന്ന് വനാന്തർഭാഗങ്ങളിൽ നിന്നും ആദിവാസികൾ കാട്ടുപശുക്കളും മറ്റുമായി ഇവിടെ ആരാധനയ്ക്ക് എത്താറുണ്ട്. കുംഭമേള പോലെ വലിയൊരു ആഘോഷമാണ് മകരസംക്രാന്തിക്ക് ഇവിടെ നടക്കുന്നത്.
നദീമധ്യത്തിൽ നീണ്ട കൂർത്ത ഒരു ശിലാഖണ്ഡം ആ ക്രൂരമായ മാതൃഹത്യയുടെ ഘനീഭൂത സ്മൃതിയായി നമുക്ക് കാണാം. ക്രൗര്യഭാവത്തോടെ നദി ഇവിടെ ഭീകരരൂപിണിയായി കുതിച്ചൊഴുകുന്നു. ഇരുഭാഗത്തും കാനന മലനിരകൾ. വലിയൊരു മലയുടെ മറുപുറത്തുനിന്നും കുതിച്ചെത്തുകയാണ് ലോഹിത് നദി. വനാന്തർഭാഗത്തുള്ള പടവുകൾ കുത്തനെ ഇറങ്ങിച്ചെല്ലുന്നിടത്താണ് പരശുറാം കുണ്ഡെന്ന നദീരവമുഖരിതമായ കടവ്. പിതൃഭക്തിയുടെ ക്രൂരമായ മുഖമാണ് പരശുരാമന്റെ മാതൃഹത്യ. പ്രകൃതി തെല്ലും സൗമ്യമല്ലാതെ വെളിപ്പെടുന്ന ഒരിടം. ശക്തമായ ഒഴുക്കും ചുഴികളും വന്യമായ പ്രകൃതിയും നദീമദ്ധ്യത്തിലെ വായ്ത്തല പോലെയുള്ള ഭീമൻ ശിലാഖണ്ഡവും. എല്ലാം കൂടി ആ രക്തപങ്കിലമായ പരശുരാമ സാന്നിദ്ധ്യത്തെ ഓർമ്മപ്പെടുത്തുന്നു. മാതൃശോണിതത്താൽ ജലരാശിച്ചുമന്നു കലങ്ങിയോ? കടവിലെ  ശിലാഖണ്ഡങ്ങളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ചില സന്ദർശകരെ നദി ക്രൂരമായി തന്നിലേക്ക് വലിച്ചടുപ്പിച്ച് ചുഴിക്കൈകളാൽ കൊണ്ടുപോയതിനെക്കുറിച്ച് ഡ്രൈവർ ഗോപാൽ നേരത്തെ താക്കീത് തന്നിരുന്നു. എന്നാൽ പാലത്തിൽ നിന്നുള്ള നദീദൃശ്യങ്ങൾ അതീവ ചാരുതയാർന്നതാണ്. അകലെ നദീമദ്ധ്യത്തിലെ ശിലാഖാണ്ഡം ഭാർഗ്ഗവരാമന്റെ പരശുവിന്റെ ക്രൂരസാന്നിദ്ധ്യത്തെ സൗമ്യമായി ഓർമ്മപ്പെടുത്തുന്നു. ഇരുഭാഗത്തും ഗാഢഹരിതമാർന്ന കൂറ്റൻ മലനിരകൾ. പാലം കടന്ന് കുറച്ച് കി.മീ സഞ്ചരിച്ചാൽ ചൈന അതിർത്തിയിലെത്താം.
(ലേഖകന്റെ ഫോൺ: 9447575156)