
അറുപതുകഴിഞ്ഞ മാതാപിതാക്കളെയും ഭാര്യയെയും മകനെയും കൂട്ടി കാറിൽ ഇന്ത്യ
ചുറ്റാനിറങ്ങിയ  അഫ്സലിന്റെ  അനുഭവങ്ങൾ ... 26 ദിവസങ്ങൾ , 9995 കിലോ മീറ്റർ ,
16സംസ്ഥാനങ്ങൾ...
2019ന്റെ അവസാനം  ബൈക്കിലായിരുന്നു അഫ്സൽ ആൾ ഇന്ത്യ യാത്ര നടത്തിയത്. ഒറ്റയ്ക്ക് കണ്ടുതീർത്ത ആ മനോഹരകാഴ്ചകൾ വയോധികരായ തന്റെ മാതാപിതാക്കളും ഭാര്യയും മോനും കാണണമെന്ന് അന്നേ  മനസിലുറപ്പിച്ചിരുന്നു. അപ്രതീക്ഷിതമായി വന്ന കൊവിഡും ലോക്ക്ഡൗണും എല്ലാവരെയും വീട്ടിലിരുത്തിയ പോലെ അഫ്സലിനെയും കുടുംബത്തെയും ലോക്കാക്കി. ഇതിനിടയിൽ വീട്ടിൽ എല്ലാവർക്കും കൊവിഡ് ബാധിച്ചു. ഇരുൾ വീണ ആ നേരത്തും തന്റെ യാത്രയിലെ ത്രസിപ്പിക്കുന്ന ചില അനുഭവങ്ങൾ അഫ്സൽ ഉമ്മ നസീമയോടും വാപ്പ ഖാദറിനോടും പറഞ്ഞു കൊണ്ടേയിരുന്നു.
എല്ലാം മാറിമറിഞ്ഞ്, ജീവിതം പഴയ പടിയായപ്പോൾ അഫ്സൽ യാത്രയുടെ കാര്യം അവതരിപ്പിക്കാൻ തയ്യാറായി. ദന്ത ഡോക്ടറായ ഭാര്യരഹ്നയോടാണ് എല്ലാവരും ചേർന്നുള്ള യാത്രയെ കുറിച്ച് ആദ്യം പറഞ്ഞത്. രഹ്നയും മൂന്ന് വയസുള്ള മകൻ അമാൽ ഫൈസിയും കേട്ടപാതി കേൾക്കാത്തപാതി അഫ്സലിന്റെ ആഗ്രഹത്തോടൊപ്പം നിന്നു. അഫ്സൽ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ ചിരിയോടെയായിരുന്നു ഉമ്മയുടെ സമ്മതം. വാപ്പച്ചിയുടെ സമ്മതം കിട്ടുക അത്ര എളുപ്പമായിരുന്നില്ല. ഉമ്മയുടെ വാക്കിൽ ആ സമ്മതവും പോക്കറ്റിലായി. പിന്നെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി അഫ്സലും രഹ്നയും. ബാക്കി അഫ്സൽ പറയട്ടെ...

വെല്ലുവിളികളില്ലാത്ത
9995 കിലോ മീറ്റർ
യാത്രയ്ക്ക് മുമ്പ് തന്നെ പ്രയാസം നേരിട്ടിരുന്ന കാര്യമായിരുന്നു സ്വന്തമായി കാറില്ല എന്നത്. സഹോദരൻ അൻസാറിന്റെ ചുവന്ന സ്വിഫ്റ്റാണ് യാത്രയ്ക്കുള്ള പേടകമായി കൂടെ കൂട്ടിയത്. തണുപ്പിൽ ബാറ്ററി പണി തരാൻ സാദ്ധ്യതയുണ്ടെന്ന് യാത്രയ്ക്ക് മുമ്പേ പലരും പറഞ്ഞിരുന്നു. പക്ഷേ ബാറ്ററിക്ക് പോയിട്ട് ഒരു പഞ്ചറുപോലും ഞങ്ങൾക്ക് കിട്ടിയിലെന്നതാണ് സത്യം. 9995 കിലോ മീറ്ററോളം ഒറ്റയ്ക്ക് ഓൺ റോഡ് ഡ്രൈവ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമായിരുന്നു. അതിൽ ഒരു ദിവസം ചെറിയ  ക്ഷീണം കാരണം എനിക്ക് ഓടിക്കാൻ കഴിയാതെ 100 കിലോമിറ്ററോളം വാപ്പച്ചി ഓടിച്ചിരുന്നു. ബാക്കി ദിവസങ്ങളെല്ലാം അത്രയധികം ആസ്വദിച്ചാണ് ഡ്രൈവ് ചെയ്തത്. ഒരു രീതിയിലുള്ള വെല്ലുവിളികളും നേരിടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും.
രാജസ്ഥാനിലെ  ജയ് സാൽമറും 
കശ്മീരിലെ  ഖുൽമർഗും
16സംസ്ഥാനങ്ങൾ താണ്ടിയതിൽ ഏറ്റവും മനോഹരമായ കാഴ്ചയും അനുഭവവും രാജസ്ഥാനിലെ ജയ് സൽമറും കാശ്മീരിലെ ഖുൽമർഗും സമ്മാനിച്ചു. ജയ് സാൽമാറിൽ മരുഭൂമിയുടെ നടുവിൽ ടെന്റ് കെട്ടിയായിരുന്നു താമസം. അവിടുത്തെ ഒട്ടക സഫാരിയും പാരാസെയിലിംഗും നന്നായി ആസ്വദിച്ചു. കുടുംബത്തിനും അത് പുത്തൻ അനുഭവമായിരുന്നു. ഖുൽമർഗിലെ കുതിര സഫാരിയും അവിടുത്തെ കാലാവസ്ഥയും മനസും ശരീരവും ഫ്രഷാക്കി തന്നു.

പുതിയ രുചികളും നമ്മുടെ കഞ്ഞിയും
ഓരോ സ്ഥലവും എക്സ്പ്ലോർ ചെയ്യുന്നതിനൊപ്പം അവിടെയുള്ള  മനുഷ്യരുടെ ജീവിതവും ഒപ്പം തനതു രുചികളും അറിയാൻ ശ്രമിച്ചിരുന്നു. ഭക്ഷണം പരീക്ഷിക്കുമ്പോൾ ചില രുചികൾ ഇഷ്ടപ്പെടും, മറ്റു ചിലത് അബദ്ധവുമാവും. രാജസ്ഥാൻ താലി, ഹൈദരബാദ് ബിരിയാണി... എല്ലാം ആസ്വദിച്ചു. കാറിൽ ഗ്യാസ് സിലിണ്ടറും അടുപ്പുമെല്ലാം കരുതിയിരുന്നു. ചിലപ്പോൾ വഴിയിൽ നിറുത്തി കഞ്ഞിവച്ച്  കുടിച്ചു. വൈകുന്നേരങ്ങളിൽ ഓൺലൈൻ വഴി ഹോട്ടലുകൾ ബുക്ക് ചെയ്ത് അവിടെയായിരുന്നു താമസം. യാത്രകളുടെ ക്ഷീണമൊന്നും ആരെയും കാര്യമായി ബാധിച്ചിരുന്നില്ല . പോസ്റ്റ് കൊവിഡ് അസ്വാസ്ഥ്യങ്ങൾ ഉമ്മയ്ക്കുണ്ടായതുകൊണ്ട് മെഡിക്കൽ മുൻകരുതലുകളെല്ലാം യാത്രയ്ക്ക് മുമ്പേ ഉറപ്പാക്കിയിരുന്നു.
26 ദിവസങ്ങൾ
ഒക്ടോബർ 14 ന് കൊച്ചിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. മൈസൂർ, ഹൂബ്ലി, ഔറംഗാബാദ് , മുംബയ്, വഡോദര, ഉദയ്പുർ, ജോധ് പുർ, ജയ്സാൽമർ, ജയ്പൂർ, ഹിസാർ, അമൃത്സർ, തുടർന്ന് കാർഗിൽ കവർ ചെയ്ത് തിരിച്ച് മണാലി, ന്യൂഡൽഹി, നാഗ്പുർ, ഹൈദരബാദ്, ബാംഗ്ലൂർ, കൊച്ചി ഇതായിരുന്നു യാത്രയുടെ ഏകദേശ റൂട്ട് മാപ്പ്. ഭാര്യ രഹ്ന സ്വന്തമായി ദന്ത ക്ലിനിക്കും ഞാൻ വാഹനങ്ങളുടെ വർക്ക് ഷോപ്പും നടത്തുകയാണ്. ഇത്ര ദിവസം മാറി നിന്നപ്പോൾ ക്ലിനിക്കും വർക്ക്ഷോപ്പും മറ്റു സഹപ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു. നവംബർ ആറിന് കൊച്ചിയിൽ തിരിച്ചെത്തി രണ്ടുദിവസം യാത്രയുടെ ഹാംഗോവറിലായിരുന്നെങ്കിലും പിന്നീട് ജോലിയിലേക്ക് തിരിച്ചു കയറി.

അടുത്തത് ദുബായിലേക്ക്
ഏകദേശം രണ്ടു ലക്ഷത്തോളമായി യാത്രാച്ചെലവ്. വാപ്പച്ചിയുടെയും ഉമ്മയുടെയും സന്തോഷമാണ് ഈ യാത്രയിൽ എനിക്ക് കിട്ടിയ ബോണസ്. ഇനി കുടുംബത്തോടൊപ്പമുള്ള അടുത്ത യാത്ര ദുബായിലേക്കാണ്. ഒറ്റ ജീവിതമേ ഉള്ളൂ, കിട്ടുന്ന ഓരോ നിമിഷവും സന്തോഷമാക്കാനാണ് ആഗ്രഹം. നമ്മൾ കാണുന്ന, അനുഭവിക്കുന്ന ഓരോ യാത്രകളും അതിലെ ഓരോ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും നമ്മുടെ മാതാപിതാക്കൾക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള അവസരങ്ങൾ പറ്റുന്ന രീതിയിൽ അവർക്ക് ഒരുക്കി കൊടുക്കണം.