
മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ സാംസ്കാരികഭൂമിക ചില ഒറ്റപ്പെട്ട വ്യക്തികളുടെ പ്രവർത്തനരംഗം കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടം ഇത്തരം വ്യക്തികളുടെ ജീവിത വിജയത്തിന്റെ കഥകൂടി ഉൾച്ചേരുന്നതാണ്. നാട്ടിൻപുറങ്ങളിൽ ഉണ്ടായ ജീവിതമുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത് പ്രധാനമായും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. എന്നാൽ പാർട്ടിയുടെ അനുഭാവികളായി സമതയുള്ള ഒരു സമൂഹത്തിനായി പ്രവർത്തിച്ചവരെ,എന്റെ ഒപ്പം ഉണ്ടായിരുന്നവരെ മറക്കാനാവില്ല. പുന്നയ്ക്കാകുളങ്ങര മാധവനുണ്ണിത്താൻ, പേരൂർ മാധവൻപിള്ള, പരമേശ്വരത്ത് ബാലകൃഷ്ണപിള്ള തുടങ്ങി രാഷ്ടീയ രംഗത്തെ അതികായന്മാർ അന്ന് നൂറനാട്ട് നിറഞ്ഞുനിന്നിരുന്നു. ഇവിടെ ഇപ്പോൾ ഞാൻ ഒാർമ്മിക്കുന്നത് അവരെക്കുറിച്ചല്ല. ധന്യമായ കർമ്മശേഷി കൊണ്ട് നാട്ടിൻപുറത്ത് ഏറെ ശ്രദ്ധേയനായ കെ.രാമചന്ദ്രൻ എന്ന രാമചന്ദ്രൻസാറിനെപ്പറ്റിയാണ്. രണ്ടാം ചരമവാർഷികം നാളെ ആചരിക്കുമ്പോൾ ഈ കുറിപ്പ് അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയാണ്.
രാഷ്ടീയപാർട്ടികൾക്ക് അതീതമായ ഒരു പ്രവർത്തന രംഗവും രീതിയുമായിരുന്നു രാമചന്ദ്രൻസാറിന്റേത്. വന്ദേമാതരം എന്ന ഒരു ടൈപ്പ് റൈറ്റിംഗ് സ്ഥാപനവുമായിട്ടായിരുന്നു സാമൂഹ്യജീവിതം തുടങ്ങുന്നത്. സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന പേരിൽ നീണ്ട അൻപത് വർഷത്തെ സാർത്ഥകമായ വിദ്യാഭ്യാസ സംരംഭമായി അത് മാറി. അക്കാലത്ത് സാധുകുടുംബങ്ങളിൽ നിന്ന് നിരവധി പേർക്ക് ജോലി ലഭിക്കാനുള്ള നല്ല സാദ്ധ്യതയായി അത് വളർന്നു.പിന്നീട് രാമചന്ദ്രൻസാർ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ്, മാവേലിക്കര യൂണിയൻ കൗൺസിൽ മെമ്പർ എന്നീ നിലയിലും പ്രവർത്തിച്ചു. നൂറനാട് പാലമേൽ വ്യാപാരവ്യവസായ സമിതിയുടെ ആദ്യകാല പ്രസിഡന്റായിരുന്നു. ഇതിനെല്ലാം പുറമേ ഞങ്ങളെപ്പോലെയുള്ളവരുടെ മനസിൽ ഒരു ഗുരുവിന്റെയോ പിതാവിന്റെയോ സ്ഥാനമാണ് രാമചന്ദ്രൻ സാറിനുള്ളത്. എന്റെ രാഷ്ട്രീയജീവിതത്തിലെ വലിയ സ്വാധീനമായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സഖാവ് പുന്നയ്ക്കാക്കുളങ്ങര മാധവനുണ്ണിത്താൻ. അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ വാർദ്ധക്യകാലസംരക്ഷണത്തിനും ചികിത്സയ്ക്കുമായി ഒരു ഫണ്ട് രൂപീകരിക്കുക എന്ന ആശയം നടപ്പിലാക്കിയതിൽ രാമചന്ദ്രൻസാറിന്റെ പങ്ക് വളരെ വലുതാണ്. എസ്.എൻ.വിവേക് വിദ്യാപീഠം എന്ന വിദ്യാലയത്തിന്റെ സ്കൂൾ മാനേജർ എന്ന നിലയിലും രാമചന്ദ്രൻസാറിന്റെ പ്രവർത്തനം നിസ്തുലമാണ്. ഈ സ്കൂളിൽ ഒരു ലൈബ്രറി സ്ഥാപിച്ചത് അദ്ദേഹത്തിന്റെ കൂടി പ്രവർത്തനഫലമായാണ്. എഴുത്തുകാരെയും സാംസ്കാരിക മേഖലയിലുളളവരെയും വിദ്യാഭ്യാസ പദ്ധതികളിൽ പങ്കാളികളാക്കാൻ അദ്ദേഹം സദാ യത്നിച്ചു. ഏറെ നിർദ്ധനരായ ആളുകൾക്ക് വേണ്ടി സഹായധനം രൂപീകരിക്കുന്നതിനും ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സ നടത്താൻ വേണ്ട സഹായങ്ങൾ നൽകുന്നതിനുമുള്ള ആ ' സന്നദ്ധത ഒരു മാർഗദീപമായിരുന്നു. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം മദ്ധ്യസ്ഥത വഹിച്ച് പരിഹരിക്കാൻ രാമചന്ദ്രൻ സാറിന് പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. നൂറനാട്ടെ നിരവധി ഉദ്യോഗാർത്ഥികളെ മത്സര പരീക്ഷയ്ക്ക് തയ്യാറാക്കി വിടാനും തൊഴിലവസരങ്ങളെക്കുറിച്ച് വേണ്ട നിർദ്ദേശം നൽകാനും അദ്ദേഹം നിരന്തരം ശ്രമിച്ചു. ഇൻഡ്യയിലെമ്പാടും അങ്ങനെ ജോലി കിട്ടിയ ഏറെ ശിഷ്യഗണങ്ങൾ അദ്ദേഹത്തിന് ഇന്നുമുണ്ട്.
രാമചന്ദ്രൻ സാർ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംരംഭങ്ങളെ നിർലോഭം പ്രോത്സാഹിപ്പിച്ചിരുന്നു. മികച്ച കാവ്യാസ്വാദകനായ രാമചന്ദ്രൻ സാറിന്റെ പേരിൽ അദ്ദേഹത്തിന്റെ ശിഷ്യരും ബന്ധുമിത്രാദികളും ചേർന്ന് ഇപ്പോൾ കെ.രാമചന്ദ്രൻ ഒറ്റക്കവിതാ അവാർഡിന് രൂപം കൊടുത്തിരിക്കുന്നു. ഈ വർഷത്തെ ഒറ്റക്കവിതാ അവാർഡ് ലഭിച്ചത് റീജിയണൽ കാൻസർ സെന്ററിൽ ജോലി ചെയ്യുന്ന കവി ശാന്തന്റെ 'നീലധാര' എന്ന കവിതയ്ക്കാണ്. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖമായ കവി ശാന്തന് ഈ അവാർഡ് നൽകിയത് തികച്ചും ഉചിതമായി എന്നുകൂടി പറയട്ടെ.