us

വാഷിംഗ്ടൺ: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അദ്ധ്യാപകനുൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റു. മിഷിഗണിലെ ഓക്‌സ്ഫഡ് ഹൈസ്‌കൂളിലായിരുന്നു സംഭവം.

കേസിൽ ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലും പതിനേഴും വയസുള്ള പെൺകുട്ടികളും, പതിനാറുകാരനുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില തൃപ്തികരമാണ്. രണ്ട് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

പതിനഞ്ചുകാരനിൽ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനോട് പതിനഞ്ചുകാരൻ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.