
തിരുവനന്തപുരം: തൈക്കാട് ശാന്തി കവാടത്തിലെ വിറക് ശ്മശാനത്തിന്റെ ലേലം ഏറ്റെടുത്തിട്ടുള്ള കരാറുകാരനെ തുടർന്നുള്ള ലേല നടപടികളിൽ നിന്ന് മാറ്റിനിറുത്തുന്നത് ആലോചിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഗ്യാസ് ഫർണസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോഴാണ് വിറക് ശ്മശാനം നടത്തിപ്പിലെ പോരായ്മകൾ ഭരണ പ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയത്.
മൃതദേഹം സംസ്‌കരിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മേയർ അറിയിച്ചു. ആരോപണങ്ങൾ സെക്രട്ടറി തലത്തിൽ അന്വേഷിക്കാമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു പറഞ്ഞു. വിറകു ശ്മശാനത്തിലെ അമിത നിരക്ക് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആവശ്യപ്പെട്ടു. അമിത ഫീസ് ഈടാക്കിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡെപ്യൂട്ടി മേയറുടെ ഓഫീസ് ഇടപെട്ട് കൂടുതലായി വാങ്ങിയ പണം തിരികെ നൽകിയ കാര്യം ഭരണപക്ഷ അംഗം വി.എസ്. സുലോചനൻ പറഞ്ഞു.
മൃതദേഹങ്ങളോട് ജീവനക്കാർ അനാദരവ് കാണിക്കുന്നതായി കോൺഗ്രസ് അംഗം മേരി പുഷ്പം ആരോപിച്ചു. പി. പദ്മകുമാർ, ജോൺസൺ ജോസഫ്, പാളയം രാജൻ എന്നിവരും സംസാരിച്ചു. കണ്ടിജന്റ് തൊഴിലാളികളെ തസ്തിക മാറ്റി നിയമിക്കുന്നത് പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയാണ് പരിഗണിക്കുന്നതെന്ന് ഡി.ആർ. അനിൽ മറുപടി നൽകി.