assault

കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്നിൽ നിന്നെത്തി കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പാളയം സ്വദേശി ബിജു(30)വാണ് പ്രതി. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ സ്‌കൂളിലെത്തിയ പെൺകുട്ടിയ്‌ക്ക് നേരെയാണ് ഇയാൾ അതിക്രമത്തിന് ശ്രമിച്ചത്.

പെൺകുട്ടിയ്‌ക്ക് പിന്നാലെ വന്ന മ‌റ്റൊരു പെൺകുട്ടിയെയും ഇയാൾ പിടിക്കാൻ ശ്രമിച്ചു. ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പെൺകുട്ടി തന്നെ ബിജുവിന്റെ കോളറിൽ പിടിച്ച് വീഴ്‌ത്തി. ഇതോടെ സംഭവമറിഞ്ഞ് നാട്ടുകാരെത്തി ഇയാളെ തടഞ്ഞു. വൈകാതെ പിങ്ക് പൊലീസെത്തി ബിജുവിനെ കസ്‌റ്റഡിയിലെടുത്തു.

ഇയാൾക്ക് മാനസിക രോഗമുണ്ടോയെന്ന് സംശയിക്കുന്നതായും അത്തരത്തിലാണ് പെരുമാറുന്നതെന്നും പൊലീസ് അറിയിച്ചു. പോക്‌സോ ഉൾപ്പടെ കേസുകളാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.